ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകത്തിലുണ്ടായ നഷ്ടത്തിന് പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ക്ക് ഒറ്റത്തവണ ഗ്രാന്റായി 22,000 കോടി രൂപ നല്‍കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. മൂന്ന് പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ക്ക് ഒറ്റത്തവണ ഗ്രാന്റായി 22,000 കോടി രൂപ നല്‍കാനുള്ള പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐ.ഒ.സി.എല്‍), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബി.പി.സി.എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്.പി.സി.എല്‍) എന്നിവയ്ക്കാണ് ഗ്രാന്റ് വിതരണം ചെയ്യുക.
ആത്മനിര്‍ഭര്‍ ഭാരത് അഭിയാനോടുള്ള പ്രതിബദ്ധത തുടരുന്നതിനും തടസ്സമില്ലാത്ത ഗാര്‍ഹിക പാചകവാതക (എല്‍.പി.ജി) വിതരണം ഉറപ്പാക്കുന്നതിനും മേക്ക് ഇന്‍ ഇന്ത്യ ഉല്‍പ്പന്നങ്ങളുടെ സംഭരണത്തെ പിന്തുണയ്ക്കുന്നതിനും ഈ അംഗീകാരം എണ്ണക്കമ്പനികളെ സഹായിക്കും. ഗാര്‍ഹിക പാചകവാതക സിലിണ്ടറുകള്‍ നിയന്ത്രിത വിലയിലാണ് പൊതുമേഖലാ എണ്ണ വിപണന കമ്പനികളായ ഐ.ഒ.സി.എല്‍, ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ എന്നിവ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നത്.
2020 ജൂണ്‍ മുതല്‍ 2022 ജൂണ്‍ വരെയുള്ള കാലയളവില്‍, എല്‍.പി.ജിയുടെ അന്താരാഷ്ട്ര വിലയില്‍ ഏകദേശം 300%ന്റെ വര്‍ദ്ധനയുണ്ടായി. എന്നിരുന്നാലും, അന്താരാഷ്ട്ര എല്‍.പി.ജി വിലയിലെ ഏറ്റക്കുറച്ചിലുകളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി ചെലവിലുണ്ടായ വര്‍ദ്ധന പൂര്‍ണ്ണമായും ഗാര്‍ഹിക എല്‍.പി.ജിയുടെ ഉപഭോക്താക്കളിലേക്ക് ചുമത്തിയില്ല. അതനുസരിച്ച്, ഈ കാലയളവില്‍ ഗാര്‍ഹിക പാചകവാതക വിലയില്‍ 72% വര്‍ദ്ധനവ് മാത്രമാണുണ്ടായത്. ഇത് ഈ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് കാര്യമായ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. ഈ നഷ്ടങ്ങള്‍ക്കിടയിലും, മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളും ഈ അവശ്യ പാചക ഇന്ധനത്തിന്റെ തടസ്സമില്ലാത്ത വിതരണം രാജ്യത്ത് ഉറപ്പാക്കിയിരുന്നു.