പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഒക്‌ടോബർ 28 ന് രാവിലെ 10:30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ ചിന്തൻ ശിബിരിനെ അഭിസംബോധന ചെയ്യും. 2022 ഒക്‌ടോബർ 27, 28 തീയതികളിൽ ഹരിയാനയിലെ സൂരജ്‌കുണ്ഡിലാണ് ചിന്തൻ ശിബിർ നടക്കുന്നത്. സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരും ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി), സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സ് (സിഎപിഎഫ്), സെൻട്രൽ പോലീസ് ഓർഗനൈസേഷൻ (സിപിഒ) എന്നിവയുടെ ഡയറക്ടർ ജനറൽമാർ എന്നിവരും ചിന്തൻ ശിബിരിൽ പങ്കെടുക്കും.
പ്രധാനമന്ത്രി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ച പഞ്ചപ്രാണിന് അനുസൃതമായി ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നയരൂപീകരണത്തിന് ദേശീയ കാഴ്ചപ്പാട് നൽകാനുള്ള ശ്രമമാണ് ആഭ്യന്തര മന്ത്രിമാരുടെ ചിന്തൻ ശിബിർ. സഹകരണ ഫെഡറലിസത്തിന്റെ ആവേശത്തിൽ, കേന്ദ്ര-സംസ്ഥാന തലങ്ങളിലെ വിവിധ പങ്കാളികൾ തമ്മിലുള്ള ആസൂത്രണത്തിലും ഏകോപനത്തിലും ശിബിർ കൂടുതൽ സമന്വയം കൊണ്ടുവരും.
പോലീസ് സേനയുടെ നവീകരണം, സൈബർ ക്രൈം മാനേജ്‌മെന്റ്, ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ ഐടിയുടെ വർധിച്ച ഉപയോഗം, ലാൻഡ് ബോർഡർ മാനേജ്‌മെന്റ്, തീരദേശ സുരക്ഷ, സ്ത്രീ സുരക്ഷ, മയക്കുമരുന്ന് കടത്ത് തുടങ്ങിയ വിഷയങ്ങൾ ശിബിർ ചർച്ച ചെയ്യും.