“ഇത് യുവ ഇന്ത്യക്കായുള്ള നവ ഇന്ത്യയാണ്”: കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.

ഒരു ദിവസത്തെ സന്ദർശനത്തിനായി തൃശ്ശൂരിൽ എത്തിയ കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി, നൈപുണ്യ വികസന സംരംഭകത്വ വകുപ്പ് സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ ഇന്ന് തൃശ്ശൂർ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളുമായി സംവദിച്ചു.

‘യുവ ഇന്ത്യയ്ക്കായുള്ള നവ ഇന്ത്യ: അവസരങ്ങളുടെ റ്റെക്കെയ്‌ഡ്’  എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം അവതരിപ്പിച്ചു. സാങ്കേതികവിദ്യ രംഗത്ത് നിർണായകമായ അവസരങ്ങൾ ഒരുക്കുന്ന അടുത്ത ദശാബ്ദത്തെയാണ് ‘ടെക്കേഡ്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.  സമ്പദ്‌വ്യവസ്ഥയുടെയും യുവത്വത്തിന്റെയും നൂതനാശയങ്ങളുടെയും പുരോഗതിയുടെ കാര്യത്തിൽ, ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ സമയത്താണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആറര പതിറ്റാണ്ടുകളായി പ്രവർത്തനരഹിതമായ ജനാധിപത്യമുള്ള, വ്യാപാരം-സാമ്പത്തികം തുടങ്ങിയ രംഗങ്ങളിൽ വളരെ കുറച്ച് അവസരങ്ങൾ നൽകുന്ന ദരിദ്ര്യമായ സമ്പ്രദായത്തിൽ നിന്നുള്ള വ്യതിചലനമാണ് പുതിയ ഇന്ത്യയെന്ന് ശ്രീ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പുതിയ ഇന്ത്യയിൽ, ഓരോ രൂപയും ഗുണഭോക്താവിലേക്ക് എത്തുന്നു, 70,000 സ്റ്റാർട്ടപ്പുകൾ സൃഷ്ടിക്കപ്പെട്ടു, നികുതി പിരിവ് ഈ വർഷം ലക്ഷ്യത്തേക്കാൾ 30% കവിഞ്ഞു, അടിസ്ഥാന സൗകര്യങ്ങളും ഇന്റർനെറ്റും ലഭ്യമാക്കിയതിലൂടെ കൂടുതൽ അവസരങ്ങൾ സാധ്യമാക്കുന്നു.

2020-22ൽ, കോവിഡിന്റെ കാര്യത്തിൽ ലോകം മുഴുവൻ സമാന പ്രശ്‌നം നേരിട്ടെന്ന് ശ്രീ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രണ്ട് വർഷത്തിൻ്റെ അവസാനത്തെ റിപ്പോർട്ട് കാർഡ് പരിശോധിച്ചാൽ, ജനസംഖ്യയുടെ 50% ത്തിനു പോലും വാക്സിനേഷൻ നൽകാൻ അമേരിക്കയ്ക്ക് കഴിഞ്ഞില്ല. അമേരിക്കയുടെ പണപ്പെരുപ്പം 50 വർഷത്തെ ഉയർന്ന നിലയിലാണ്. ചൈന അതിന്റെ ഏഴാമത്തെ ലോക്ക്ഡൗണിലായിരിക്കുന്നു. കഴിഞ്ഞ മൂന്ന് പാദങ്ങളിൽ ചൈനയുടെ സമ്പദ്‌വ്യവസ്ഥ ചുരുങ്ങി. ഇപ്പോൾ ചൈന ഇലക്ട്രോണിക്സിന്റെ വിശ്വസ്ത നിർമ്മാതാക്കളല്ല. യുകെയിൽ പണപ്പെരുപ്പം 20% ആയി, പൗണ്ടിന്റെ മൂല്യം 20-25% കുറഞ്ഞു, സമ്പദ്‌വ്യവസ്ഥ പ്രതിസന്ധി നേരിടുകയാണ്.   അതേസമയം, ഏറ്റവും കൂടുതൽ വിദേശനിക്ഷേപം ഉള്ള ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. അതിവേഗം വളരുന്ന നൂതനാശയ സമ്പദ്‌വ്യവസ്ഥയും ഇന്ത്യൻ സ്റ്റാർട്ടപ്പുകളും സംരംഭകരും ലോക നിക്ഷേപകർക്കിടയിൽ മുമ്പൊരിക്കലും ലഭിക്കാത്ത ആദരവ് നേടിയിരിക്കുന്നു. ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ സാന്നിധ്യമുള്ള ഏറ്റവും വലിയ കണക്റ്റഡ് രാഷ്ട്രം കൂടിയാണ് ഇന്ത്യ. സംരംഭകരുടെയും  യുവാക്കളുടെയും നവ ഊർജ്ജത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമായിരുന്നു ഇത്. അവർ ആഗോളതലത്തിൽ മത്സരശേഷിയുള്ളവർ ആകാൻ ആഗ്രഹിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവൺമെന്റ് സാങ്കേതികവിദ്യ ആശ്രയിച്ചു തുടങ്ങിയപ്പോൾ ജനങ്ങളുടെ ജീവിതത്തെയും ഗവൺമെന്റ്മായുള്ള അവരുടെ ഇടപെടലിനെയും അത് മാറ്റിമറിച്ചതായി മന്ത്രി അഭിപ്രായപ്പെട്ടു. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെയും അവസരങ്ങളുടെയും വികാസവും ഉണ്ടായി. 30 വർഷത്തിനിടെ ആദ്യമായി, രാജ്യത്ത് രൂപകൽപ്പന ചെയ്‌ത് നിർമ്മിച്ച സാങ്കേതികവിദ്യ ഇന്ത്യ ഉപയോഗിക്കുന്നു.

ഭാവിയിലെ തൊഴിലിടങ്ങളിൽ, ബിരുദവും അറിവും മാത്രമല്ല, നൈപുണ്യവും ആവശ്യമാണെന്ന് ശ്രീ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.  കേന്ദ്രഗവൺമെന്റ് വാഗ്ദാനം ചെയ്യുന്ന 5,400-ലധികം നൈപുണ്യ പ്രോഗ്രാമുകൾ പ്രയോജനപ്പെടുത്താൻ അദ്ദേഹം വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു. നൈപുണ്യങ്ങൾ നൽകാനും  വിലയിരുത്താനും സർട്ടിഫിക്കറ്റ് നൽകാനും കഴിയുന്ന  ‘നൈപുണ്യ കേന്ദ്രങ്ങളാ’ക്കി കോളേജുകളെ മാറ്റാൻ ഗവൺമെന്റ് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.

സ്റ്റാർട്ടപ്പുകൾക്ക് ഊർജം നൽകാനും യൂണികോണുകൾ സൃഷ്ടിക്കാനും നവീനാശയങ്ങൾ പ്രോത്സാഹിപ്പിക്കാനുമുള്ള ആവാസവ്യവസ്ഥ കേരളത്തിലുണ്ടോ എന്നത് സംശയകരമാണെന്ന് മന്ത്രി, പിന്നീട് വിദ്യാർഥികളോട് സംവദിക്കവേ പറഞ്ഞു. അതിനാൽ, സംസ്ഥാനത്തിന് പുറത്താണെങ്കിലും എവിടെ നിന്നും അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.