മാധ്യമ സ്വാതന്ത്ര്യത്തിൽ ഗവണ്മെന്റ് യാതൊരു ഇടപെടലുകളും നടത്തില്ലെന്ന് കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പ് സഹമന്ത്രി ഡോ. എൽ. മുരുഗൻ പറഞ്ഞു. വാർത്തകൾ സത്യസന്ധമായി ജനങ്ങളിലേക്ക് എത്തിക്കേണ്ടത് മാധ്യമങ്ങളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്തെ പാമ്പാടിയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (ഐ ഐ എം സി ) സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
വ്യാജ വാർത്തകളുടെ അതിപ്രസരമുള്ള കാലമാണിതെന്നും മാധ്യമ വിദ്യാർത്ഥികൾ ഇത് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തി .മാധ്യമ പ്രവർത്തകർക്ക് ഒട്ടേറെ അവകാശങ്ങൾ ഉണ്ടെങ്കിലും അവരുടെ കടമകൾ മറക്കരുത് എന്നും അദ്ദേഹം പറഞ്ഞു. വ്യാജ വാർത്തകളെ തിരിച്ചറിയാൻ വിദ്യാർത്ഥികൾ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ അദ്ദേഹം ഐ ഐ എം സി ക്യാംപസ് സന്ദർശിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ അദ്ദേഹം വീക്ഷിച്ചു. മന്നത്ത് പദ്മനാഭനെക്കുറിച്ചുള്ള പുസ്തകവും കേന്ദ്രസഹമന്ത്രി പ്രകാശനം ചെയ്തു. മന്നത്ത് പദ്മനാഭന്റെ 146-ാമത് ജന്മവാർഷികദിനത്തിൽ, പുസ്തകം പ്രകാശനം ചെയ്യാനായതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീ ജോസ് കെ മാണി എംപി , ശ്രീ തോമസ് ചാഴിക്കാടൻ എം പി , ഐ ഐ എം സി ഡയറക്ടർ ഡോ എസ് അനിൽ കുമാർ, റെജിസ്ട്രാർ ഡോ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
നാളെ കൊച്ചി ഫിഷിംഗ് ഹാർബർ സന്ദർശിക്കുന്ന അദ്ദേഹം, വൈകിട്ട് കൊടുങ്ങല്ലൂരിലേക്ക് പോകും. ബുധനാഴ്ച കേന്ദ്ര സഹമന്ത്രി ന്യൂഡൽഹിക്ക് മടങ്ങും.