ഇറ്റാനഗർ: സാങ്കേതികവിദ്യ ജീവിതത്തെ ഗുണകരമായി സ്വാധീനിക്കുകയും പൗരന്മാരെ ശാക്തീകരിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ ആരംഭിക്കുന്നതിന് മുമ്പ് അരുണാചൽ പ്രദേശിലെ ഷെർഗാവ് ഗ്രാമത്തിൽ ഒരൊറ്റ മൊബൈൽ സേവന ദാതാവ് മാത്രം ഉണ്ടായിരുന്നിടത് ഇപ്പോൾ 3 മൊബൈൽ സേവനദാതാക്കളുണ്ടെന്ന രാജ്യസഭാ എംപി നബാം റെബിയയുടെ ട്വീറ്റിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. നേരത്തെ, ഈ ഗ്രാമത്തിൽ എന്തെങ്കിലും ആരോഗ്യപരമായ അത്യാഹിതമുണ്ടായാൽ ഡോക്ടറെ കാണാനും ഗ്രാമത്തിലേക്ക് കൊണ്ടുവരാനും ആളുകൾക്ക് ഇറ്റാനഗറിലേക്ക് റോഡ് മാർഗം യാത്ര ചെയ്യേണ്ടി വന്നിരുന്നതായും ഇതിനായി ഏകദേശം 3 ദിവസമെടുത്തിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിജിറ്റൽ ഇന്ത്യ ആരംഭിച്ചതിനുശേഷം വെറും 30 മിനിറ്റിനുള്ളിൽ തന്നെ വീഡിയോ കോളിന്റെ സഹായത്തോടെ ഡോക്ടറെ വിളിച്ചാൽ, ഉചിതമായ ചികിത്സയ്ക്കായി ഡോക്ടർ ഉടൻ മാർഗനിർദേശം നൽകുന്നു. കൂടാതെ, അരുണാചൽ പ്രദേശിലെ ജനങ്ങൾക്ക് ഇ-സഞ്ജീവ്നി പോർട്ടൽ ഒരു കുതിച്ചുചാട്ടമായി മാറിയെന്നും എം പി പറഞ്ഞു.