തിരുവനന്തപുരം: ഏഴുകിലോ തൂക്കവും ജന്മനാ ഹൃദയ വൈകല്യവുമുള്ള, ഒന്നേകാല്‍ വയസുള്ള കുഞ്ഞിന് സയനോട്ടിക് ഹൃദയ വൈകല്യത്തിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച് എസ്.എ.ടി ആശുപത്രി. മെയ് 30ന് ഹൃദയം നിര്‍ത്തിവെച്ചുള്ള അതിസങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തിയത് കാര്‍ഡിയോതൊറാസിക് സര്‍ജറി വിഭാഗം പ്രൊഫസര്‍ ഡോ. വിനുവിന്റെ നേതൃത്വത്തിലായിരുന്നു. കുഞ്ഞ് പൂര്‍ണമായി സുഖം പ്രാപിച്ചു വരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൊല്ലം സ്വദേശിയായ രാഹുലിന്റേയും അശ്വതിയുടേയും ഇരട്ട കുഞ്ഞുങ്ങളിൽ ഒരാൾക്കാണ് ശസ്ത്രക്രിയ നടത്തിയത്. ഗര്‍ഭാവസ്ഥയില്‍ തന്നെ ഹൃദയ വൈകല്യം ഫീറ്റല്‍ എക്കോയുടെ സഹായത്തോടെ കണ്ടുപിടിക്കുകയും തുടര്‍ന്ന് പ്രസവാനന്തരം എസ്.എ.ടി. ആശുപത്രിയില്‍ തന്നെ കുഞ്ഞിന് തുടര്‍ ചികിത്സ നടത്തി വരികയുമായിരുന്നു. 2021 സെപ്റ്റംബറില്‍ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ച ശേഷം ഇതുവരെ നൂറോളം ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകള്‍ ഇവിടെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. എന്നാൽ എസ്.എ.ടി. ആശുപത്രിയില്‍ ആദ്യമായാണ് സയനോട്ടിക് ഹൃദയ വൈകല്യത്തിനുള്ള ശാസ്ത്രക്രിയ നടത്തുന്നത്. കേരളത്തില്‍ തന്നെ വളരെ കുറച്ച് ആശുപത്രികളില്‍ മാത്രമേ ഇതിനായുള്ള സൗകര്യമുള്ളൂ. എസ്.എ.ടി. ആശുപത്രിയിൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കിയ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആശുപത്രിയിലെത്തി അഭിനന്ദിക്കുകയുണ്ടായി. മന്ത്രി കുഞ്ഞിനെ സന്ദർശിക്കുകയും മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തു.