രാജ്യത്തെ ഓരോ പൗരന്റേയും ചികിത്സാപരമായ ചെലവുകൾ കുറയ്ക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി

രാജ്യത്തെ ഓരോ പൗരന്റേയും ചികിത്സാപരമായ ചെലവുകൾ കുറയ്ക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ചികിത്സാചെലവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി .”എല്ലാ പൗരരുടേയും ചികിത്സാചെലവ് കുറയ്ക്കുന്നതിനായി നമ്മുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. 2014 ൽ നമ്മുടെ സർക്കാർ അധികാരത്തിലെത്തുന്നതിനുമുൻപ് ചികിത്സാചെലവ് ഭീമമായിരുന്നു. പൗരർക്കുവേണ്ടി ചികിത്സാപരമായ ചെലവുകളിൽ കുറവുവരുത്താൻ ഞങ്ങൾ പ്രതിജ്ഞയെടുത്തിട്ടുണ്ട്. അർഹരായ എല്ലാ വ്യക്തികൾക്കും ആയുഷ്മാൻ കാർഡുകൾ അനുവദിക്കും. അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സാചെലവുകൾ ആയുഷ്മാൻ കാർഡുള്ളവർക്ക് സൗജന്യമായി ലഭ്യമാക്കുമെന്ന് “, പ്രധാനമന്ത്രി വ്യക്തമാക്കി. മധ്യപ്രദേശിലെ ഛാതാപുർ ജില്ലയിൽ ഭാഗേശ്വർ ധാം മെഡിക്കൽ ആൻഡ് സയൻസ് റിസർച്ച് ഇൻസ്റ്റിട്യൂട്ടിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. 70 വയസ്സോ അതിനുമുകളിലോ പ്രായമുള്ള ആയുഷ്മാൻ കാർഡുടമകൾ അഞ്ച് ലക്ഷം രൂപ വരെയുള്ള സൗജന്യചികിത്സയ്ക്ക് നിലവിൽ അർഹരാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ആയുഷ്മാൻ കാർഡ് എത്രയും വേഗം സ്വന്തമാക്കണമെന്നും ആയുഷ്മാൻ കാർഡ് അനുവദിക്കുന്നതിനായി ഏതെങ്കിലും ഉദ്യോഗസ്ഥരോ മറ്റോ കൈക്കൂലി ആവശ്യപ്പെടുന്ന പക്ഷം തനിക്ക് നേരിട്ട് കത്തെഴുതി അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ നൽകി വരുന്ന എല്ലാ ക്ഷേമപദ്ധതികളെ കുറിച്ചും മറ്റ് സൗകര്യങ്ങളെ കുറിച്ചും എല്ലാവരും അറിഞ്ഞിരിക്കണമെന്നും ആയുഷ്മാൻ കാർഡ് പോലുള്ള പദ്ധതികളെ കുറിച്ച് സമൂഹത്തിൽ ബോധവത്കരണം നടത്തമെന്നും മോദി വ്യക്തമാക്കി. നിരവധി മതസംഘടനകൾ ആത്മീയ പാഠങ്ങൾ പകർന്ന് മികച്ച ആരോഗ്യം നൽകി ജനങ്ങളെ സേവിക്കുന്നുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. ചിത്രകൂട് അതിനുദാഹരണമാണെന്നും ബാഗേശ്വർ ധാം സന്ദർശിക്കുന്നവർക്ക് ആരോഗ്യമെന്ന അനുഗ്രഹം ലഭിക്കുമെന്നും മോദി വ്യക്തമാക്കി.