പ്രതിഷേധിച്ചതുകൊണ്ടോ മുദ്രാവാക്യം വിളിച്ചതുകൊണ്ടോ ഭരണഘടനാ നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. പെരിന്തൽമണ്ണ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉത്തരവിട്ട ഒരു വർഷത്തെ നല്ല നടപ്പും ഇത് നടപ്പാക്കാത്തതിനുള്ള കാരണം കാണിക്കൽ നോട്ടീസും ചോദ്യം ചെയ്ത് മലപ്പുറം സ്വദേശി ഷർമിന നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ. ബാബരി മസ്ജിദ് അനുകൂല പ്രകടനം നടത്തിയതിനുൾപ്പെടെ ഷര്‍മിനക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കൂടാതെ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്‍റെ നടപടികൾ ഹൈക്കോടതി റദ്ദാക്കി. ഭരണഘടന ഉറപ്പുനല്‍കുന്ന പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കാനാവില്ല. അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശവും ഭരണഘടനയുടെ അനുച്ഛേദം 19 അനുസരിച്ച് പൗരന്മാർക്ക് ഉണ്ടെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു. ജാമ്യം നടപ്പാക്കാത്തതിന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കിയാണ് സിംഗിള്‍ ബെഞ്ചിന്‍റെ നടപടി. ഷര്‍മിന നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് വിജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്‍റെ നിരീക്ഷണം. പൊലീസ് റിപ്പോര്‍ട്ട് അനുസരിച്ചാണ് ഹരജിക്കാരിക്കെതിരെ മലപ്പുറം സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നടപടി സ്വീകരിച്ചത്. ബാബരി മസ്ജിദ് അനുകൂല പ്രകടനം നടത്തിയതിനായിരുന്നു കേസ്. 50,000 രൂപയുടെ ആള്‍ജാമ്യവും ഒരു വര്‍ഷത്തെ നല്ല നടപ്പുമായിരുന്നു ജാമ്യവ്യവസ്ഥ. എന്നാല്‍ ഇത് പാലിക്കാൻ ഷര്‍മിന തയ്യാറായില്ല. ഈ സാഹചര്യത്തിലായിരുന്നു മലപ്പുറം എസ്ഡിഎമ്മിന്‍റെ കാരണം കാണിക്കല്‍ നോട്ടീസ്. പ്രദേശത്തെ സമാധാന ജീവിതത്തിന് ഹരജിക്കാരി സ്ഥിരം തടസം വരുത്തുന്നുവെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഈ വാദം തള്ളിയാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്‍റെ കാരണം കാണിക്കല്‍ നോട്ടീസ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്.
പ്രതിഷേധിച്ചതുകൊണ്ടോ മുദ്രാവാക്യം വിളിച്ചതുകൊണ്ടോ ഭരണഘടനാ നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഹൈക്കോടതി
