സംസ്ഥാനത്ത് നാളെ വരെ ചൂട് ഉയരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്നു നിർദേശം നൽകി. തിരുവനന്തപുരം, വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ നാളെ വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38°c വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോഡ് എന്നീ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ഉയരും. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നതിനിടെ സൂര്യരശ്മികളില്‍ നിന്നുള്ള അള്‍ട്രാവലയറ്റ് കിരണങ്ങളുടെ തോത് അപകടകരമായ നിലയിലെത്തിയെന്നും മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ സൂര്യ രശ്മികളെ നേരിട്ട് ഭൂമിയില്‍ പതിക്കുന്ന രാവിലെ 10നും 3നും ഇടയില്‍ വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിപ്പിൽ വ്യക്തമാക്കി. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാൻ സാധ്യതയുണ്ട്. അന്തരീക്ഷ താപം ക്രമാതീതമായി ഉയര്‍ന്നാല്‍ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യും. തുടര്‍ന്ന് ശരീരത്തിന്റെ പല പ്രധാന പ്രവര്‍ത്തനങ്ങളും തകരാറിലാകുന്ന സ്ഥിതി ഉണ്ടാക്കും. ശക്തി കുറഞ്ഞ നാഡിമിടിപ്പ്, കടുത്ത തലവേദന, തലക്കറക്കം, മാസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, അബോധവസ്ഥയിലാവുക എന്നിവയും സംഭവിക്കാം. ഈ സാഹചര്യത്തില്‍ അടിയന്തരമായി വൈദ്യസഹായം തേടണമെന്നും അധികൃതർ നിർദ്ദേശിച്ചു.
സംസ്ഥാനത്ത് നാളെ വരെ ചൂട് ഉയരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
