ഗാന്ധിനഗര്‍: ഗുജറാത്തിലെ ചില കോൺഗ്രസ് നേതാക്കൾ ബിജെപിക്കുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധി എംപി. എതിര് രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. അതുമായി ബന്ധപ്പെട്ട് വേണ്ടിവന്നാൽ 30-40 കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിന്റെ പരാമര്‍ശം ഗുജറാത്തില്‍ സ്വന്തം പാര്‍ട്ടിയെ ട്രോളുന്ന വിധത്തിലുള്ളതാണെന്ന് ബിജെപി പ്രതികരിച്ചു. 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഗുജറാത്ത് സന്ദര്‍ശനത്തിന്റെ രണ്ടാംദിവസമായ ശനിയാഴ്ചയാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ഗാന്ധി പാര്‍ട്ടിയിലെ ചില നേതാക്കൾക്കെതിരേ പരാമര്‍ശം നടത്തിയത്. ഗുജറാത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലും പ്രവര്‍ത്തകര്‍ക്കിടയിലും 2 തരം ആളുകളുണ്ട്. ജനങ്ങളോട് സത്യസന്ധത പുലര്‍ത്തുന്നവരും അവര്‍ക്കുവേണ്ടി പോരാടുന്നവരും അവരെ ബഹുമാനിക്കുന്നവരും കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം ഹൃദയത്തില്‍ സൂക്ഷിക്കുന്നവരുമാണ് ഒരു കൂട്ടര്. ജനങ്ങളില്‍നിന്ന് മാറിനില്‍ക്കുന്ന, അവരെ ബഹുമാനിക്കാത്ത, ബിജെപിക്കൊപ്പം നില്‍ക്കുന്നവരാണ് മറുകൂട്ടര്‍, പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഗുജറാത്തിലെ ജനങ്ങളുമായി ബന്ധപ്പെടണമെങ്കില്‍, 2 കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഈ 2 ഗ്രൂപ്പുകളെയും വേര്‍തിരിക്കുക എന്നതാണ് ആദ്യത്തെ കാര്യം. 40 പേരെ നീക്കംചെയ്യേണ്ടിവന്നാലും, അത് ചെയ്യാന്‍ തയ്യാറാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധിയുടെ പരാമർശത്തെ പരിഹസിച്ച് ബിജെപിയും രംഗത്തെത്തി. ഗുജറാത്തില്‍ രാഹുൽ സ്വന്തം പാര്‍ട്ടിയെ ട്രോളുകയാണെന്നും ബിജെപിയുടെ ‘ഏറ്റവും വലിയ സമ്പാദ്യ’മാണ് രാഹുലെന്നും ബിജെപി പരിഹസിച്ചു. രാഹുല്‍ ഗാന്ധി സ്വന്തം പാര്‍ട്ടിയെ ക്രൂരമായി ട്രോളുകയും സ്വയം വെളിവാക്കുകയും ചെയ്തു. എത്ര സത്യസന്ധമായ പ്രതികരണം. ഗുജറാത്തില്‍ വിജയിക്കാനാകില്ലെന്ന് അദ്ദേഹം സമ്മതിച്ചു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നത് ഒരു കലയാണെങ്കില്‍ രാഹുല്‍ ഗാന്ധി ഒരു കലാകാരനാണ്. തൊണ്ണൂറില്‍പരം തിരഞ്ഞെടുപ്പില്‍ അദ്ദേഹം തോറ്റു, ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല ചൂണ്ടിക്കാട്ടി.
ഗുജറാത്തിലെ ചില കോൺഗ്രസ് നേതാക്കൾ ബിജെപിക്കുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധി
