ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടന്ന മഹാകുംഭമേള വിജയകരമായി പൂര്‍ത്തിയാക്കിയതിന് ജനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കുംഭമേളയ്ക്ക് വേണ്ടി പരിശ്രമിച്ച എല്ലാവര്‍ക്കും മുന്നില്‍ താന്‍ വണങ്ങുന്നുവെന്നും ലോക്‌സഭയില്‍ നരേന്ദ്രമോദി വ്യക്തമാക്കി. കുംഭമേളയുടെ വിജയം സമാനതകളില്ലാത്ത പ്രയത്‌നത്തിന്റെ ഫലമായുണ്ടായതാണ്. രാജ്യത്തെ ജനങ്ങളോടും പ്രത്യേകിച്ച് ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലെ ജനങ്ങളോട് ഞാന്‍ നന്ദി പറയുന്നു എന്നും മോദി വ്യക്തമാക്കി. ”നാനാത്വത്തിലെ ഏകത്വത്തിന്റെ പ്രദര്‍ശനമായിരുന്നു മഹാകുംഭമേള. അത് രാജ്യത്തിന്റെ പ്രത്യേകതയാണ്. മഹാകുംഭമേളയില്‍ എല്ലാ വ്യത്യാസങ്ങളും മാഞ്ഞുപോയി. ഇതാണ് രാജ്യത്തിന്റെ മഹത്തായ ശക്തി, ഏകത്വത്തിന്റെ ആത്മാവ് നമ്മളില്‍ ആഴത്തില്‍ വേരൂന്നിയതാണ് എന്ന് വ്യക്തമായി. ലോകം മുഴുവന്‍ രാജ്യത്തിന്റെ മഹത്വമെന്തെന്ന് മഹാകുംഭമേളയിലൂടെ ദര്‍ശിച്ചു. രാജ്യം മുഴുവന്‍ കുംഭമേള ഉണര്‍വുണ്ടാക്കി, അത് പുതിയ കാര്യങ്ങള്‍ക്ക് പ്രചോദനമായി മാറി. നമ്മുടെ കരുത്തിനെ കുറച്ചുകണ്ടവര്‍ക്കുള്ള കൃത്യമായ മറുപടികൂടിയായി മാറി. രാജ്യത്തെ പുതിയ തലമുറ മഹാകുംഭമേളയുമായി യോജിക്കപ്പെട്ടു, പാരമ്പര്യത്തെയും വിശ്വാസത്തെയും അഭിമാനത്തോടെ സ്വീകരിച്ചു. വളരുന്ന ഇന്ത്യയുടെ ആത്മപ്രകാശനമായി പ്രയാഗ്‌രാജ് മഹാകുംഭമേള മാറി യെന്നും മോദി ചൂണ്ടിക്കാട്ടി. പാര്‍ലമെന്റിലെ പ്രസംഗത്തില്‍ ത്രിവേണി സംഗമത്തിലെ ജലം മൗറീഷ്യസിലെ ഗംഗാ തലാബില്‍ സമര്‍പ്പിച്ചതിനെപ്പറ്റിയും മോദി വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിച്ചത് പ്രസംഗത്തില്‍ പരാമര്‍ശിക്കാതിരുന്നതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചു. ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെ നടന്ന മഹാകുംഭമേളയില്‍ 66 കോടി ആളുകള്‍ എത്തിയെന്നാണ് കണക്കുകള്‍. 40 കോടിയോളം വരുന്ന ഭക്തരും വിവിധ അഘാഡകളില്‍ നിന്നുള്ള സംന്യാസിമാരും ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്തുവെന്നും യു.പി സര്‍ക്കാര്‍ വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടന്ന മഹാകുംഭമേള വിജയകരമായി പൂര്‍ത്തിയാക്കിയതിന് ജനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
