ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടന്ന മഹാകുംഭമേള വിജയകരമായി നടത്തിയതിന് ജനങ്ങളെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യഡല്‍ഹി: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടന്ന മഹാകുംഭമേള വിജയകരമായി നടത്തിയതിന് ജനങ്ങളെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, അവിടെ തിക്കിലും തിരക്കിലുംപെട്ട് ഭക്തർ മരിച്ചതിനെക്കുറിച്ച് പ്രസംഗത്തില്‍ പരാമര്‍ശിക്കാതിരുന്നതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കുംഭമേള വിജയകരമായി പൂർത്തിയാക്കാൻ പ്രയത്നിച്ചവരെ പ്രശംസിക്കുന്നതിനൊപ്പം അവിടെ മരിച്ചവർക്ക് ആദരാഞ്ജലിയർപ്പിക്കാൻ അദ്ദേഹം മറന്നുപോയത് ശരിയായില്ല എന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ചൊവ്വാഴ്ച നടന്ന ലോക്സഭാ സമ്മേളനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദന പ്രസംഗം നടന്നത്. ‘കുംഭമേളയില്‍ പങ്കെടുക്കാനായെത്തിയ യുവാക്കള്‍ക്ക് ഭക്തി മാത്രമല്ല വേണ്ടത്. അവര്‍ പ്രധാനമന്ത്രിയില്‍ നിന്ന് മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണമെന്നും ആഗ്രഹിക്കുന്നുണ്ട്. ഇതിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചില്ല’, സഭയില്‍നിന്ന് പുറത്തെത്തിയ ശേഷം മാധ്യമങ്ങളെ കണ്ട രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനുശേഷം പ്രതിപക്ഷ നേതാക്കള്‍ക്ക് സംസാരിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ല സമയം നല്‍കിയില്ല എന്നത് പ്രതിപക്ഷ പ്രതിഷേധത്തിന് വഴിവെച്ചു. കുഭമേളയ്ക്ക് ചരിത്ര-സാംസ്‌കാരിക പ്രധാന്യമുണ്ട് എന്ന് പ്രധാനമന്ത്രി പറഞ്ഞത് ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിച്ചത് പ്രധാനമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചില്ല എന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. കുംഭമേളയ്ക്കിടെ ജനുവരി 29-ാം തീയതി തിക്കിലും തിരക്കിലുംപെട്ട് 30പേര്‍ മരിക്കുകയും തൊണ്ണൂറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കുംഭമേളയ്ക്ക് വേണ്ടി പരിശ്രമിച്ച എല്ലാവര്‍ക്കും മുന്നില്‍ താന്‍ വണങ്ങുന്നുവെന്നും കുംഭമേളയുടെ വിജയം സമാനതകളില്ലാത്ത പ്രയത്‌നത്തിന്റെ ഫലമായുണ്ടായതാണെന്നും പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി. ‘രാജ്യത്തെ ജനങ്ങളോട് പ്രത്യേകിച്ച് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ ജനങ്ങളോട് ഞാന്‍ നന്ദി പറയുന്നു. നാനാത്വത്തിലെ ഏകത്വത്തിന്റെ പ്രദര്‍ശനമായിരുന്നു മഹാകുംഭമേള. അത് രാജ്യത്തിന്റെ പ്രത്യേകതയാണ്. മഹാകുംഭമേളയില്‍ എല്ലാ വ്യത്യാസങ്ങളും മാഞ്ഞുപോയി. ഇതാണ് രാജ്യത്തിന്റെ മഹത്തായ ശക്തി, ഏകത്വത്തിന്റെ ആത്മാവ് നമ്മളില്‍ ആഴത്തില്‍ വേരൂന്നിയതാണ് എന്ന് വ്യക്തമായിയെന്നും മോദി ചൂണ്ടിക്കാട്ടി. ‘ലോകം മുഴുവന്‍ നമ്മുടെ രാജ്യത്തിന്റെ മഹത്വമെന്തെന്ന് മഹാകുംഭമേളയിലൂടെ ദര്‍ശിച്ചു. രാജ്യം മുഴുവന്‍ കുംഭമേള ഉണര്‍വുണ്ടാക്കി, അത് പുതിയ കാര്യങ്ങള്‍ക്ക് പ്രചോദനമായി മാറി. നമ്മുടെ കരുത്തിനെ കുറച്ചുകണ്ടവര്‍ക്കുള്ള കൃത്യമായ മറുപടികൂടിയായി മാറി. രാജ്യത്തെ പുതിയ തലമുറ മഹാകുംഭമേളയുമായി യോജിക്കപ്പെട്ടു, പാരമ്പര്യത്തെയും വിശ്വാസത്തെയും അഭിമാനത്തോടെ സ്വീകരിച്ചു. വളരുന്ന ഇന്ത്യയുടെ ആത്മപ്രകാശനമായി പ്രയാഗ്‌രാജ് മഹാകുംഭമേള മാറിയെന്നും മോദി കൂട്ടിച്ചേർത്തു.