ഹോട്ടലുകളില്‍ ബില്ലിനൊപ്പം സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് വിലക്കിയ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി മാര്‍ഗരേഖ ഡല്‍ഹി ഹൈക്കോടതി ശരിവെച്ചു

ഹോട്ടലുകളില്‍ ബില്ലിനൊപ്പം സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് വിലക്കിയ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി മാര്‍ഗരേഖ ഡല്‍ഹി ഹൈക്കോടതി ശരിവെച്ചു. ഭക്ഷണം കഴിക്കാനെത്തുന്നവരില്‍നിന്ന് സര്‍വീസ്ചാര്‍ജായി നിര്‍ബന്ധപൂര്‍വം പണം വാങ്ങാനാവില്ലെന്നും അത് നിയമവിരുദ്ധമാണെന്നും ജസ്റ്റിസ് പ്രതിഭ എം. സിങ് ഉത്തരവിട്ടു. കേന്ദ്ര മാര്‍ഗരേഖയ്‌ക്കെതിരേ കോടതിയെ സമീപിച്ച ഹോട്ടലുടമകള്‍ക്ക് ഒരുലക്ഷം രൂപവീതം പിഴ ചുമത്തി ഹര്‍ജികള്‍ തള്ളി. നാഷണല്‍ റസ്റ്ററന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ , ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍സ് ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യ എന്നീ സംഘടനകളാണ് ഹര്‍ജി നല്‍കിയിരുന്നത്. ഉപഭോക്താക്കളില്‍നിന്ന് നിര്‍ബന്ധപൂര്‍വം പണം പിരിക്കരുതെന്ന് പറഞ്ഞ കോടതി ആരെങ്കിലും സ്വമേധയാ ടിപ്പായി പണം നല്‍കുന്നതിന് തടസ്സമില്ലെന്നും ചൂണ്ടിക്കാട്ടി. അത് ഉപഭോക്താവിന്റെ ഇഷ്ടപ്രകാരമായിരിക്കണം. ബില്ലില്‍ ചേര്‍ത്തുനല്‍കാന്‍ പാടില്ല. സര്‍വീസ്ചാര്‍ജ് എന്ന പേരില്‍ പണമീടാക്കുമ്പോള്‍ അത് ഏതെങ്കിലും നികുതിയുടെ ഭാഗമാണെന്ന് ഉപഭോക്താക്കള്‍ കരുതുന്ന സ്ഥിതിയുണ്ടാകും. അത് അന്യായമായ വ്യാപാരരീതിയാണ്. ഉപഭോക്താക്കളുടെ അവകാശങ്ങളാണ് പ്രധാനമെന്നും കോടതി വ്യക്തമാക്കി . 2022 ജൂലായ് നാലിനാണ് കേന്ദ്രം മാര്‍ഗരേഖ പുറത്തിറക്കിയത്. പിന്നീട് ഹൈക്കോടതി സ്റ്റേചെയ്തിരുന്നു. ഭക്ഷണബില്ലില്‍ നിര്‍ബന്ധപൂര്‍വം സര്‍വീസ്ചാര്‍ജ് ഉള്‍പ്പെടുത്തുന്നുവെന്ന പരാതികളെത്തുടര്‍ന്നാണ് കേന്ദ്രം ഇടപെട്ടത്.