64 വർഷത്തെ ഇടവേളയ്ക്കു ശേഷം എഐസിസി സമ്മേളനത്തിന് ഗുജറാത്ത് ആകുന്നു

64 വർഷത്തെ ഇടവേളയ്ക്കു ശേഷം എഐസിസി സമ്മേളനത്തിന് ഗുജറാത്ത് വേദിയാകുമ്പോൾ, കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങളെക്കാൾ വെല്ലുവിളികളാണു കൂടുതൽ. പാർട്ടിക്കായി താൻ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ ആശയം ഗുജറാത്തിലാണു പരീക്ഷിക്കേണ്ടതെന്നു രാഹുൽ ഗാന്ധി വ്യക്തമാക്കി. എന്നാൽ, കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും തട്ടകത്തിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കൈവന്ന ആത്മവിശ്വാസം ഇക്കഴിഞ്ഞ മുനിസിപ്പൽ തിരഞ്ഞെടുപ്പോടെ കൂടുതൽ ചോർന്നുപോയ നിലയിലാണ് ഇപ്പോൾ കോൺഗ്രസ്. എഐസിസി സമ്മേളനം ഗുജറാത്തിൽ വിളിക്കാനുള്ള ആശയം രാഹുൽ ഗാന്ധിയുടേതായിരുന്നു. ഒപ്പം, 3 പതിറ്റാണ്ടായി അധികാരമില്ലാതെ തുടരുന്ന പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകാനുള്ള ശ്രമങ്ങളും തുടങ്ങി. കഴിഞ്ഞമാസം രാഹുൽ പാർട്ടിനേതാക്കളുമായി നേരിട്ടു നടത്തിയ ആശയവിനിമയ പരിപാടി ഇതിന്റെ ഭാഗമായിരുന്നു. കോൺഗ്രസിനുള്ളിൽനിന്ന് ബിജെപിയെ സഹായിക്കുന്നവരെക്കുറിച്ചു നേതാക്കൾ രാഹുലിനോടു പരാതിപ്പെടുകയും ചെയ്തു. പാർട്ടി ഇപ്പോൾ ആസൂത്രണം ചെയ്യുന്ന സംഘടനാപരിഷ്കാരം പൈലറ്റ് പ്രോജക്ടായി ഗുജറാത്തിലാകും നടപ്പാക്കുകയെന്നും പാർട്ടിവൃത്തങ്ങൾ സൂചന നൽകി.