മുസ്ലിം പള്ളികൾക്ക് 1991 ലെ ആരാധനാലയ സംരക്ഷണ നിയമം ബാധകമാണോ എന്ന കാര്യം പരിശോധിക്കുമെന്ന്  സുപ്രീം കോടതി

ന്യൂഡൽഹി: പുരാവസ്തുവകുപ്പിന് കീഴിലുള്ള സംരക്ഷിത സ്മാരകങ്ങളായ മുസ്ലിം പള്ളികൾക്ക് 1991 ലെ ആരാധനാലയ സംരക്ഷണ നിയമം ബാധകമാണോ എന്ന കാര്യം പരിശോധിക്കുമെന്ന്  സുപ്രീം കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. മഥുര കൃഷ്ണ ജന്മഭൂമി-ഈദ് ഗാഹ് മസ്ജിദ് കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി ഇക്കാര്യം അറിയിച്ചത്. 1920-ൽ പുറത്തിറക്കിയ വിജ്ഞാപനം പ്രകാരം മഥുരയിലെ ഷാഹി ഈദ് ഗാഹ് മസ്ജിദ് സംരക്ഷിത സ്മാരകം ആണെന്ന് ഹിന്ദു വിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. അതിനാൽ 1991 ലെ ആരാധനാലയ സംരക്ഷണ നിയമം ഈദ് ഗാഹ് മസ്ജിദിന് ബാധകമാകില്ലെന്ന് വിധിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ വിഷയത്തിൽ വിശദമായ വാദം കേൾക്കൽ ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചൂണ്ടിക്കാട്ടി . ആരാധനാലയ സംരക്ഷണ നിയമം ചോദ്യം ചെയ്തുള്ള മറ്റ് ഹർജികൾക്കൊപ്പം ഈ വിഷയം പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി . വിഷയത്തിൽ സുപ്രീം കോടതി എടുക്കുന്ന നിലപാട് പുരാവസ്തുവകുപ്പിന് കീഴിലുള്ള സംരക്ഷിത സ്മാരകങ്ങളായ മറ്റ് മുസ്ലിം പള്ളികൾക്ക് നിർണായകമാണ്.