ഓട്ടോമാറ്റിക് ഫിറ്റ്നസ് പരിശോധനാസെന്ററുകള്‍ തുടങ്ങുന്നതിനായി പരക്കംപാഞ്ഞ് മോട്ടോര്‍വാഹനവകുപ്പ്

എല്ലാ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളും ഏപ്രില്‍ ഒന്നുമുതല്‍ ഓട്ടോമാറ്റിക്കായി ഫിറ്റ്നസ് പരിശോധന നടത്തണമെന്ന കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്ന് ഓട്ടോമാറ്റിക് ഫിറ്റ്നസ് പരിശോധനാസെന്ററുകള്‍ തുടങ്ങുന്നതിനായി മോട്ടോര്‍വാഹനവകുപ്പിന്റെ നെട്ടോട്ടം. ഇതിനായി സംസ്ഥാനത്ത് പുതുതായി 19 സെന്ററുകള്‍ തുടങ്ങാനായി മോട്ടോര്‍വാഹനവകുപ്പ് ടെന്‍ഡര്‍ ക്ഷണിച്ചു. നേരത്തേ ആലോചനകള്‍നടന്നിരുന്നെങ്കിലും ടെന്‍ഡര്‍ നടപടികളുടെ കാര്യത്തില്‍ ഒരു തീരുമാനവും ഉണ്ടായിരുന്നില്ല. ഉത്തരവുവന്നതോടെയാണ് നടപടികളുടെ വേഗംകൂടിയത്. സംസ്ഥാനത്തുണ്ടായിരുന്ന ഒന്‍പത് ഓട്ടോമാറ്റിക് സെന്ററുകള്‍ നിലവില്‍ പൂട്ടിക്കിടക്കുകയാണ്. ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധനനടത്തിയാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. എന്നാല്‍, കേന്ദ്രത്തിന്റെ ഉത്തരവുപ്രകാരം ഓട്ടോമാറ്റിക്കായി നടത്തിയാല്‍മാത്രമേ സര്‍ട്ടിഫിക്കറ്റിന് മൂല്യമുണ്ടാകുകയുള്ളൂ. സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മൂല്യമില്ലെങ്കില്‍ പുറംസംസ്ഥാനങ്ങളില്‍ വാഹനവുമായിപ്പോയാല്‍ പിഴയീടാക്കുകയോ, വാഹനം പിടിച്ചിടുകയോ ചെയ്യുമെന്ന ആശങ്കയുണ്ട്. ഓട്ടോമാറ്റിക് പരിശോധനയില്ലെങ്കിലും പരിവാഹന്‍ മുഖേനയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്നും അതിനാല്‍ സര്‍ട്ടിഫിക്കറ്റിന് മൂല്യമുണ്ടാകുമെന്നുമാണ് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി . പുതുതായിവന്ന ഉത്തരവില്‍ എങ്ങനെയാണ് പരിശോധനനടത്തേണ്ടത് എന്നതിനെക്കുറിച്ച് കൃത്യതക്കുറവുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേർത്തു. എത്രയുംപെട്ടെന്ന് ഓട്ടോമാറ്റിക് ഫിറ്റ്‌നസ് സെന്ററുകള്‍ സ്ഥാപിക്കുമെന്നും അതിനായി നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും ഗതാഗതമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.