കോടതി ഫീസ് വർധിപ്പിച്ചതിന്റെ പേരിൽ അഭിഭാഷകർ കോടതി ബഹിഷ്കരിച്ച സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി

കോടതി ഫീസ് വർധിപ്പിച്ചതിന്റെ പേരിൽ അഭിഭാഷകർ കോടതി ബഹിഷ്കരിച്ച സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. കോടതി ഫീസ് വർധിപ്പിച്ചത് സർക്കാരാണെന്നും അഭിഭാഷകർ ഇതിന്റെ പേരിൽ നടത്തിയ ബഹിഷ്കരിക്കൽ നിയമവിരുദ്ധവും യുക്തിക്കു നിരക്കുന്നതല്ലെന്നും ജസ്റ്റിസുമാരായ ഡോ.എ.കെ.ജയശങ്കരൻ നമ്പ്യാർ, എസ്.ഈശ്വരൻ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ഈ വിഷയത്തിൽ ചീഫ് ജസ്റ്റിസിനെഴുതിയ കത്തിന്റെ ഉള്ളടക്കത്തിലെ ഭാഷയേയും കോടതി വിമർശിച്ചു. കോടതി ചേർന്നപ്പോൾ പല കേസുകളിലും അഭിഭാഷകർ ഹാജരായില്ലെന്നു കോടതി വ്യക്തമാക്കി . ഇന്നു പ്രതിഷേധം ആചരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി അസോസിയേഷൻ ചീഫ് ജസ്റ്റിസിന് എഴുതിയ കത്തിന്റെ പകർപ്പും കണ്ടു. കത്തിലെ ഉള്ളടക്കം അരോചകമാണെന്നും കോടതി അഭിപ്രായപ്പെട്ടു. കോടതി ഫീസ് ഉയര്‍ത്തിയ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ നടത്തിയ ബഹിഷ്കരണം അംഗീകരിക്കാൻ കഴിയില്ലെന്നും അഭിഭാഷകർ ഹാജരാകാത്ത കേസുകൾ തള്ളിക്കൊണ്ട് ഡിവിഷൻ ബെഞ്ച് കൂട്ടിച്ചേർത്തു.