ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ സമൻസോ വാറണ്ടോ കൈപ്പറ്റാതിരിക്കുകയോ ഒളിവിൽപ്പോവുകയോ ചെയ്ത പ്രതികൾക്ക് മുൻകൂർജാമ്യത്തിന് അർഹതയില്ല

ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ സമൻസോ വാറണ്ടോ കൈപ്പറ്റാതിരിക്കുകയോ ഒളിവിൽപ്പോവുകയോ ചെയ്ത പ്രതികൾക്ക് മുൻകൂർജാമ്യത്തിന് അർഹതയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹീനമായ കുറ്റകൃത്യങ്ങളിലോ ഗുരുതരമായ സാമ്പത്തികകുറ്റകൃത്യങ്ങളിലോ പങ്കുണ്ടെന്ന് കോടതി പ്രഥമദൃഷ്ട്യാ കണ്ടെത്തിയാൽ പ്രത്യേകിച്ചും, മുൻകൂർജാമ്യം അനുവദിക്കാനാവില്ല. നിയമവാഴ്ച നിലനിൽക്കണമെങ്കിൽ ഓരോവ്യക്തിയും നിയമത്തെ ബഹുമാനിക്കുകയും അനുസരിക്കുകയും വേണമെന്നും ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ച് ചൂണ്ടിക്കാട്ടി. സഹകരണസംഘത്തിൽനിന്ന് നിയമവിരുദ്ധമായി വായ്പ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ ആദർശ് ഗ്രൂപ്പ് കമ്പനികളുടെ മേധാവികൾക്ക് മുൻകൂർജാമ്യം അനുവദിച്ച പഞ്ചാബ്, ഹരിയാണ ഹൈക്കോടതിവിധി റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. മുൻകൂർജാമ്യം ചോദ്യംചെയ്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ആദർശ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽനിന്ന് അതിന്റെ സ്ഥാപകരുണ്ടാക്കിയ ആദർശ് ഗ്രൂപ്പ് കമ്പനികൾക്ക് 1,700 കോടി രൂപ നിയമവിരുദ്ധമായി വായ്പ നൽകി എന്നാണ് കേസ്. വ്യാജരേഖ ചമച്ചാണ് കമ്പനികൾക്ക് വായ്പനൽകിയതെന്നാണ് എസ്എഫ്‌ഐഒ ആരോപിച്ചത്. ഗുരുഗ്രാമിലെ പ്രത്യേക കോടതി ഒട്ടേറെത്തവണ സമൻസും വാറണ്ടും അയച്ചെങ്കിലും പ്രതികൾ അത് കൈപ്പറ്റാൻ തയ്യാറായില്ല. കൂടാതെ വിചാരണയ്ക്കെത്തിയതുമില്ല. മുൻകൂർ ജാമ്യാപേക്ഷ പ്രത്യേകകോടതി തള്ളിയെങ്കിലും ഹൈക്കോടതി അനുവദിക്കുകയായിരുന്നു.