നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകൾ ഗവർണർമാർ അയച്ചാൽ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളിൽ അതിൽ തീരുമാനം

നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകൾ ഗവർണർമാർ അയച്ചാൽ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളിൽ അതിൽ തീരുമാനം എടുക്കണമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. തീരുമാനം വൈകിയാൽ അതിനുള്ള കാരണം സംസ്ഥാന സർക്കാരിനെ രേഖാമൂലം അക്കാര്യം അറിയിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. രാഷ്ട്രപതിയുടെ തീരുമാനം വൈകിയാൽ അത് കോടതിയിൽ ചോദ്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ഉണ്ടെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു. ഇതാദ്യമായാണ്‌ നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്ക് സുപ്രീം കോടതി സമയ പരിധി നിശ്ചയിക്കുന്നത്. ഗവർണർമാർ അയക്കുന്ന ബില്ലുകളിൽ രാഷ്ട്രപതി സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് ഭരണഘടനയുടെ 201 ആം അനുച്ഛേദത്തിൽ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ ഈ അനുച്ഛേദത്തിൽ സമയ പരിധി നിശ്ചയിച്ചിരുന്നില്ല. ബില്ലുകളിൽ രാഷ്ട്രപതിയുടെ തീരുമാനം വൈകരുത് എന്ന് സർക്കാരിയ, പൂഞ്ചി കമ്മീഷനുകളുടെ ശുപാർശകളിലും, കേന്ദ്ര സർക്കാർ ഇറക്കിയിട്ടുള്ള മാനദണ്ഡത്തിലും വിശദീകരിച്ചിട്ടുണ്ട് എന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതിനാൽ യുക്തമായ സമയത്തിനുള്ളിൽ ഒരു ഭരണഘടന അതോറിറ്റി തീരുമാനം എടുത്തില്ലെങ്കിൽ അത് കോടതിയിൽ ചോദ്യം ചെയ്യാം എന്നും ജസ്റ്റിസ്മാരായ ജെ ബി പർഡിവാല, ആർ മഹാദേവൻ എന്നിവർ അടങ്ങിയ ബെഞ്ച് കൂട്ടിച്ചേർത്തു. നിയമസഭാ പാസ്സാക്കിയ ബില്ലുകളിൽ തീരുമാനം എടുക്കാതെ പിടിച്ച് വയ്ക്കുകയും, പിന്നിട്ട് രാഷ്ട്രപതിക്ക് അയക്കുകയും ചെയ്ത തമിഴ്നാട് ഗവർണർ ആർ എൻ രവിയുടെ നടപടി ഭരണഘടന വിരുദ്ധം ആണെന്ന് വിധിച്ച് കൊണ്ടുള്ള വിധിയിലാണ് സുപ്രീം കോടതി രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചത്. ഏപ്രിൽ എട്ടിന് തുറന്ന കോടതിയിൽ പുറപ്പെടുവിച്ച വിധിയുടെ പൂർണ്ണ രൂപം ഇന്നലെ അർദ്ധ രാത്രിയാണ് സുപ്രീം കോടതി വെബ് സൈറ്റിൽ അപ്ലോഡ് ചെയ്തത്. വിധിയുടെ പകർപ്പ് എല്ലാ ഗവർണർമാരുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും, ഹൈകോടതികൾക്കും അയച്ച് കൊടുക്കാൻ സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് ഗവർണർമാർക്കുള്ള സമയപരിധി സംബന്ധിച്ചും വിധിയിൽ വിശദീകരിച്ചിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശ പ്രകാരം ബില്ല് തിരിച്ച് അയക്കുകയോ, രാഷ്ട്രപതിക്ക് അയക്കുകയോ ചെയ്യുന്നെങ്കിൽ അത് ഒരു മാസത്തിനകം വേണം. മന്ത്രിസഭയുടെ ഉപദേശമില്ലാതെ ബില്ല് തിരിച്ചയക്കുകയാണെങ്കില്‍ അത് മൂന്ന് മാസത്തിനുള്ളിൽ വേണം. തിരിച്ച് അയച്ച ബില്ലുകൾ നിയമസഭ വീണ്ടും പാസ്സാക്കി അയച്ചാൽ അതിൽ ഗവർണർ ഒരു മാസത്തിനുള്ളിൽ അംഗീകാരം നൽകണം. തിരിച്ചയക്കുന്ന ബില്ലുകൾ നിയമസഭാ വീണ്ടും പാസ്സാക്കി അയച്ചാൽ ഗവർണർ അതിന് അംഗീകാരം നൽകിയേ മതിയാകൂ. സുപ്രീം കോടതി വിധി തമിഴ്നാടിന്റെ മാത്രമല്ല എല്ലാ സംസ്ഥാനങ്ങളുടെയും വിജയമാണെന്നും എംകെ സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു