ചൂട് കുറയ്ക്കാന്‍ കോളേജിന്റെ ചുമരില്‍ ചാണകം തേച്ച് പ്രിന്‍സിപ്പല്‍

ന്യൂഡല്‍ഹി: ചൂട് കുറയ്ക്കാന്‍ കോളേജിന്റെ ചുമരില്‍ ചാണകം തേച്ച് പ്രിന്‍സിപ്പല്‍. ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലെ ലക്ഷ്മിബായ് കോളേജ് പ്രിന്‍സിപ്പല്‍ പ്രത്യുഷ് വത്സലയാണ് ചുമരില്‍ ചാണക പ്രയോഗം നടത്തിയത്. ചാണകം തേച്ചാല്‍ ചൂട് കുറയുമെന്ന ഗവേഷക വിദ്യാര്‍ഥിയുടെ കണ്ടെത്തലിന്റെ ഭാഗമായാണെന്ന് പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. പ്രിന്‍സിപ്പലാണ് ഇത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഇതോടെ സംഭവം വലിയ വിവാദമാവുകയും ചെയ്തു. ലക്ഷ്മിബായ് കോളേജിലെ പഴയ സി ബ്ലോക്കിലാണ് ചാണക പരീക്ഷണം നടന്നത്. വേനല്‍ കടുത്ത സാഹചര്യത്തില്‍ ക്ലാസ്മുറിയിലെ ചൂട് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാണകം തേക്കുന്നതെന്ന് പ്രത്യുഷ് വത്സല വ്യക്തമാക്കി. പരിസ്ഥിതിസൗഹൃദമാക്കുക എന്ന ലക്ഷ്യമാണുള്ളത്. കോളേജിലെതന്നെ ഒരു ഗവേഷക വിദ്യാര്‍ഥിയുടെ നിര്‍ദേശത്തിന്റെ ഭാഗമായാണ് നടപടി. ഒരാഴ്ചയ്ക്കുശേഷം ഗവേഷണത്തിന്റെ വിശദാംശങ്ങള്‍ പങ്കുവെയ്ക്കാന്‍ സാധിക്കൂ. പൂര്‍ണ വിവരങ്ങളറിയാതെ ചിലര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജീവനക്കാരുടെ സഹായത്തോടെ പ്രിന്‍സിപ്പല്‍ ചുമരുകളില്‍ ചാണകം തേക്കുന്നതാണ് വീഡിയോയിലുള്ളത്. ഈ ക്ലാസ് റൂം ഉടന്‍തന്നെ പുതിയ രൂപത്തില്‍ കാണാമെന്നും ഇവിടത്തെ അധ്യാപനാനുഭവങ്ങള്‍ മനോഹരമാക്കാനുള്ള ശ്രമത്തിലാണെന്നും അധ്യാപിക ചൂണ്ടിക്കാട്ടി. വിഷയത്തില്‍ പ്രിന്‍സിപ്പലിനെതിരേ വിമര്‍ശനവുമായി നിരവധിപേര്‍ രംഗത്തുവന്നു.