കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷനേതാവുമായ രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച കശ്മീര്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷനേതാവുമായ രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച കശ്മീര്‍ സന്ദര്‍ശിക്കും. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കും. അനന്ത്‌നാഗിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിൽ എത്തിയാണ് രാഹുല്‍ ഗാന്ധി പരിക്കേറ്റവരെ സന്ദര്‍ശിക്കുക. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന ഏത് തീരുമാനത്തിനും പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടെന്ന് നേരത്തേ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ട്രീയപാര്‍ട്ടി നേതാക്കളുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധിന്റെ പ്രതികരണം. ചൊവ്വാഴ്ച പഹല്‍ഗാമിലെ വിനോദ സഞ്ചാരികള്‍ക്കുനേരെ നടന്ന ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഇരുപതിലധികം പേര്‍ക്ക് ഗുരുതമായിപരിക്കേറ്റിട്ടുണ്ട്. ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ഭീകരസംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.