ലോകാരോഗ്യ സംഘടനയുടെ വയോജന സൗഹൃദ നഗരങ്ങളുടെയും സമൂഹങ്ങളുടെയും ആഗോള ശൃംഖലയില്‍ ഇടംനേടി കോഴിക്കോട് നഗരം. വയോജനങ്ങളുടെ ആരോഗ്യവും ആനന്ദപൂര്‍ണവുമായ ജീവിതത്തിനായി കോര്പ്പറേഷന് നടപ്പാക്കിയ വയോജന സൗഹൃദനയമാണ് കോഴിക്കോടിന് നേട്ടമായത്. എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് അന്തസ്സോടെയും ലക്ഷ്യബോധത്തോടെയും കരുതലോടെയും ജീവിക്കുന്ന നഗരം കെട്ടിപ്പടുക്കുന്നതിനുള്ള കോഴിക്കോടിന്റെ സമര്‍പ്പണത്തിനുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് മേയര്‍ ഡോ. ബീനാ ഫിലിപ്പ് പറഞ്ഞു.
നഗരത്തിലെ പകല്‍ വീടുകള്‍, വയോജനങ്ങള്‍ക്ക് മിണ്ടിയും പറഞ്ഞും ഇരിക്കാനുള്ള തണലിടങ്ങള്, വയോജനങ്ങള്‍ക്കായി നടത്തിയ സെമിനാറുകള്‍, എന്നിവയെല്ലാം ഈ അംഗീകാരത്തിനായി പരിഗണിക്കപ്പെട്ടു. പ്രായമായവര്‍ക്ക് അന്തസ്സോടെയും സ്വാതന്ത്ര്യത്തോടെയും ഇടപെടാനുള്ള അവസരങ്ങള്‍ ഒരുക്കുമ്പോഴാണ് വയോജന സൗഹൃദമായി അംഗീകരിക്കപ്പെടുന്നത്. യുനെസ്കോയുടെ സാഹിത്യ നഗര പദവിക്ക് പിന്നാലെയാണ് കോഴിക്കോടിനെ തേടി പുതിയ പദവി എത്തിയത്.