കുട്ടികളിലെ മയക്ക് മരുന്ന് ഉപയോഗം തടയുന്നതിന് അധ്യാപകർക്ക് പ്രത്യേക പരിശീലനം

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുട്ടികളിലെ മയക്ക് മരുന്ന് ഉപയോഗംതടയുന്നതിന് ആവശ്യമായ പരിശീലനം അധ്യാപകര്‍ക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പാലക്കാട് കോസ്മോപോളിറ്റന്‍ ക്ലബ്ബില്‍ നടന്ന ജില്ലാതല യോഗത്തില്‍ ക്ഷണിതാക്കളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. അതിനായി വരുന്ന ജൂണ്‍ മുതല്‍ വലിയ രീതിയിലുള്ള ക്യാമ്പയിനുകള്‍ നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്. കുട്ടികളില്‍ വ്യക്തിഗതമായ ശ്രദ്ധ കൊടുക്കേണ്ടതും അവരുമായി ഏറ്റവും കൂടുതല്‍ ഇടപഴകുന്നതും അധ്യാപകരാണ്. ഇന്നത്തെ കാലത്ത് മയക്ക് മരുന്ന് വ്യാപനം കുട്ടികളില്‍ സ്വാധീനമുണ്ടാക്കാതിരിക്കാന്‍ അധ്യാപകര്‍ക്ക് കഴിയും. അധ്യാപകര്‍ നല്ല കൗണ്‍സിലര്‍മാരാകുന്നതിനുള്ള പരിശീലനവും അത്തരത്തിലുള്ള ഇടപെടലുകളും ഉണ്ടാകുക എന്നതാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.