ട്രാഫിക് നിയമലംഘനം പതിവാക്കിയവര്‍ക്ക് ജാഗ്രതെ

ട്രാഫിക് നിയമങ്ങള്‍  ലംഘിക്കുന്നത് നമ്മുടെ നാട്ടിൽ തുടർകഥതയാകുന്നു. വാഹനമോടിക്കുന്നവര്‍ നിസാരമാണെന്ന് കരുതുന്നതും മറ്റുള്ളവര്‍ക്ക് വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതുമായ ചിലത് ഇവയിലുണ്ട്. സീബ്രാ ക്രോസിങ്ങില്‍ വാഹനം നിര്‍ത്തുക, ഫ്രീ ലെഫ്റ്റില്‍ കയറ്റി നിര്‍ത്തുക, വലിയ ഹോണ്‍ മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുക, വരി തെറ്റിച്ച് വാഹനമോടിക്കുക, ഫുട്ട്പാത്തിലൂടെ വാഹനമോടിക്കുക എന്നിവയാണ് ഇതില്‍ ഏറ്റവും പ്രധാനം. ബസുകള്‍ മുതല്‍ ബൈക്കുകള്‍ വരെയുള്ളവ ഈക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല.കണ്‍മുന്നില്‍ ഇത്തരം നിയമലംഘനങ്ങള്‍ കണ്ടാല്‍ പോലും നടപടിയെടുക്കാത്ത പോലീസ് ഉദ്യോഗസ്ഥരും മറ്റുള്ളവര്‍ ചോദ്യം ചെയ്യാത്തതുമാണ് നിയമം ലംഘിക്കാന്‍ ഇത്തരക്കാര്‍ക്ക് പ്രോത്സാഹനം നല്‍കുന്നത്. എന്നാല്‍, റോഡില്‍ തുടരുന്ന ഇത്തരം ചെറിയ നിയമലംഘനങ്ങള്‍ മുതല്‍ ഗുരുതരമായ കുറ്റങ്ങള്‍ക്ക് നേരെ പോലും പോലീസുകാര്‍ക്ക് കണ്ണടയക്കാന്‍ ഇനി സാധിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. നിരത്തുകളിലെ നിയമലംഘകര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനുള്ള നീക്കമാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് നടത്തുന്നത്.നിയമം ലംഘിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സുകള്‍ക്ക് നെഗറ്റീവ് പോയിന്റെ സംവിധാനം ഏര്‍പ്പെടുത്താനാണ് കേന്ദ്രം പദ്ധതിയൊരുക്കുന്നത്. നിശ്ചിത നെഗറ്റീവ് പോയിന്റുകളുടെ അടിസ്ഥാനത്തില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും സ്ഥിരമായി റദ്ദാക്കുകയും ചെയ്യുന്ന നടപടികള്‍ വരെ സ്വീകരിക്കും.
ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴകള്‍ക്ക് പുറമെ ആയിരിക്കും ഇത്തരത്തില്‍ നെഗറ്റീവ് പോയന്റുകളും ലൈസന്‍സില്‍ നൽകുന്നതായിരിക്കും. റോഡ് അപകടങ്ങളും നിയമലംഘനങ്ങളും കുറയ്ക്കുന്നതിനാണ് സര്‍ക്കാര്‍ ഈ കടുത്ത നടപടിയിലേക്ക് കടക്കുന്നത്. ഓസ്‌ട്രേലിയ, കാനഡ തുടങ്ങി പല വിദേശ രാജ്യങ്ങളിലും മെറിറ്റ്-ഡീ മെറിറ്റ് പോയിന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇന്ത്യയിലും ഇത് നടപ്പാക്കാൻ പോകുന്നത്. ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് നെഗറ്റീവ് പോയിന്റ് നല്‍കുന്നത് പോലെ തന്നെ നല്ല ഡ്രൈവര്‍മാര്‍ക്ക് മെറിറ്റ് പോയിന്റും നല്‍കുമെന്നാണ് ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ മോട്ടോര്‍ വാഹന നിയമത്തില്‍ ഇത് സംബന്ധിച്ച് ഭേദഗതി വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019-ല്‍ ട്രാഫിക് നിയമത്തില്‍ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കി തുടങ്ങിയിരുന്നു. എന്നാല്‍, ഇതിനുശേഷവും നിയമലംഘനങ്ങളും അപകടങ്ങളും വളരെ അധികം ഉയരുകയാണുണ്ടായത്.