അപകടത്തിൽപ്പെട്ട ബസുകൾ തിരികെ നിരത്തിലിറങ്ങാൻ കാലതാമസം വരുന്നതായി കെഎസ്ആർടിസി

കോട്ടയം: അപകടത്തിൽപ്പെട്ട ബസുകൾ തിരികെ നിരത്തിലിറങ്ങാൻ വല്ലാതെ കാലതാമസം വരുന്നതായി കെഎസ്ആർടിസി. അപകടത്തിനു ശേഷം നിയമനടപടികളും പണികളും തീർത്ത് ബസുകൾ തിരികെ ഇറക്കുന്നതിന് കോർപ്പറേഷൻ സമയക്രമം നിശ്ചയിച്ചു. നിയമനടപടി പൂർത്തിയായ ബസുകൾക്ക് ചെറിയ പണികൾമാത്രമേ ഉള്ളൂ എങ്കിൽ മൂന്ന് ദിവസത്തിനകം ഓട്ടത്തിന് സജ്ജമാക്കണമെന്ന് കോർപ്പറേഷൻ സിക്തമാക്കി . പോലീസ്, മോട്ടോർവാഹനവകുപ്പ്, ഇൻഷുറൻസ് എന്നിവയുടെ നടപടികളും ഇതിനകം പൂർത്തിയാക്കി ബസ് ഡിപ്പോയിൽ മടക്കി എത്തിക്കണം. നിയമനടപടി ഇത്രയും ദിവസത്തിനുള്ളിൽ തീർക്കാനായില്ലെങ്കിൽ വിവരം യൂണിറ്റ് അധികാരികളെയും വിജിലൻസ് വിഭാഗത്തെയും അറിയിക്കണം. വലിയ തകരാറുകൾ യൂണിറ്റുതലത്തിൽ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിയമനടപടി കഴിഞ്ഞാലുടൻ സെൻട്രൽ/ റീജണൽ വർക്ക് ഷോപ്പിൽ എത്തിക്കണം.ഈ ബസുകൾ വന്നദിവസം തന്നെ പരിശോധിച്ച് പണിതുടങ്ങണം. ചെറിയ പ്രവൃത്തികൾമാത്രമെങ്കിൽ, അവ തീർത്ത് മൂന്ന്-ഏഴ് ദിവസത്തിനുള്ളിൽ ബസ് മടക്കി അയയ്ക്കണം. വലിയ പണികൾക്ക് 30 ദിവസംവരെ സമയം അനുവദിക്കും. ബസുകൾ മടക്കി എത്തിക്കാനുള്ള ചുമതല ഡിപ്പോ മേധാവികൾക്കാണ്.