യു.എ.ഇയിലേയ്ക്കുള്ള യാത്രാവിലക്കിന് ഇളവ്: ഇന്ത്യക്കാര്‍ക്ക് ആശ്വസിക്കാം

ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്കില്‍ ഇളവ്. താമസ വിസ കാലാവധി അവസാനിക്കാത്തവര്‍ക്ക് ഓഗസ്റ്റ് 5 മുതല്‍ മടങ്ങിയെത്താം.

മടങ്ങിയെത്തുന്നവര്‍ യു.എ.ഇ അംഗീകൃത കോവിഡ് വാക്‌സിന്‍ രണ്ടുഡോസും സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയിരിക്കണം. യാത്രപുറപ്പെടുമ്പോള്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും കൈയില്‍ കരുതണം. യുഎഇ ദേശീയ ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കൊപ്പം പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും യുഎഇയിലേക്കു തിരിച്ചെത്താം.

യുഎഇയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ടെക്നീഷ്യന്‍സ് അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, യുഎഇയിലെ യൂണിവേഴ്സിറ്റികള്‍, കോളേജുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, യുഎഇയിലെ വിദ്യാര്‍ത്ഥികള്‍, മാനുഷിക പരിഗണന നല്‍കേണ്ടവരില്‍ സാധുവായ താമസവിസയുള്ളവര്‍, ഫെഡറല്‍, ലോക്കല്‍ ഗവണ്‍മെന്റ് ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട എല്ലാവര്‍ക്കും യുഎഇയിലേക്ക് മടങ്ങാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.