തിരുവനന്തപുരം: വയോജന പരിപാലത്തിലെ മികച്ച മാതൃകയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ‘വയോശ്രേഷ്ഠ സമ്മാന്‍’ പുരസ്കാരം കേരളത്തിന് ലഭിച്ചതായി സാമൂഹ്യനീതി മന്ത്രി ഡോ. ആര് ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുതിര്‍ന്ന പൗരര്‍ക്കുള്ള സേവനങ്ങളും സൗകര്യങ്ങളും ഏറ്റവും നന്നായി നടപ്പില്‍ വരുത്തിയതിനാണ് ദേശീയ പുരസ്കാരം. ‘രക്ഷിതാക്കളുടെയും മുതിര്‍ന്ന പൗരരുടെയും ക്ഷേമം ഉറപ്പാക്കല്‍ നിയമം’ മികച്ച നിലയില്‍ നടപ്പാക്കിയ സംസ്ഥാനം എന്നതാണ് കേരളത്തെ പുരസ്കാരത്തിന് അര്‍ഹമാക്കിയത്. കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്. പുരസ്കാരം അന്താരാഷ്ട്ര വയോജനദിനത്തില്‍ (ഒക്ടോബര്‍ ഒന്ന്) ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
കോവിഡ് കാലത്ത് മുതിര്‍ന്നവരുടെ പരിപാലനത്തിന് ആരംഭിച്ച വയോക്ഷേമ കാള്‍ സെന്ററുകള്‍, വൃദ്ധസദനങ്ങളിലെ സുരക്ഷാസംവിധാനങ്ങള്‍, മോഡല്‍ സായംപ്രഭാ ഹോമുകള്‍, വയോമിത്രം പദ്ധതി, വയോജന പാര്‍ക്ക് തുടങ്ങിയ പ്രാഥമികതല സേവനങ്ങള്‍, വയോമധുരം (സൗജന്യമായി ഗ്ലൂക്കോമീറ്റര്‍ നല്കുന്ന പദ്ധതി), മന്ദഹാസം (പല്ലു പൊഴിഞ്ഞവര്‍ക്കുള്ള ആശ്വാസപദ്ധതി) എന്നീ വ്യക്തിഗത ആനുകൂല്യപദ്ധതികള്‍, വൃദ്ധസദനങ്ങളില്‍ നടപ്പാക്കിയ വിവിധ ആരോഗ്യ-മാനസികാരോഗ്യ പരിപാലന നടപടികളും മാനസികോല്ലാസ സൗകര്യങ്ങളും, ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍, ഇ-ക്ഷേമ സോഫ്റ്റ്വെയറും മറ്റ് ഓണ്‍ലൈന്‍ ഡാറ്റാ കൈകാര്യ സംരംഭങ്ങളും തുടങ്ങിയവയാണ് അവാര്‍ഡിന് പരിഗണിക്കുന്നതിന് കേരളം മുന്നോട്ടുവച്ചതെന്ന് മന്ത്രി പറഞ്ഞു.
വയോജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസ നടപടികളുമായി സാമൂഹ്യനീതി വകുപ്പ്
സംസ്ഥാനത്തെ വയോജനങ്ങള്‍ക്കായി കൂടുതല്‍ ആശ്വാസ നടപടികളിലേക്ക് സാമൂഹ്യനീതി വകുപ്പ് കടക്കുകയാണെന്ന് മന്ത്രി ഡോ. ആര് ബിന്ദു പറഞ്ഞു.
വിവിധ മേഖലകളില്‍ വിദഗ്ദ്ധ അനുഭവങ്ങളുള്ളവരാണ് വയോജനങ്ങള്‍. അവ നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികളാണ് സാമൂഹ്യനീതി വകുപ്പ് ആലോചിക്കുന്നത്.
വിപുലമായ വയോജന സര്‍വേ ഇതിന്റെ ഭാഗമായി നടത്തുമെന്ന് മന്ത്രി പറഞ്ഞു. വയോജനങ്ങള്‍ക്ക് മരുന്ന് വീട്ടിലെത്തിച്ചു നല്‍കുന്നതിന് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ കാരുണ്യ അറ്റ് ഹോം പദ്ധതി നടപ്പാക്കും. കമ്പോള വിലയേക്കാള്‍ താഴ്ന്ന നിരക്കില്‍ കാരുണ്യ ഫാര്‍മസികളില്‍ നിന്ന് മരുന്ന് എത്തിക്കും.
എല്ലാ വാര്‍ഡുകളിലും കുടുംബശ്രീ മേല്‍നോട്ടത്തില്‍ വയോക്ലബുകളും ആരംഭിക്കും. നിലവിലുള്ള വായനശാലകളെയും വാടകയ്ക്കെടുക്കുന്ന വീടുകളെയും ഇതിനായി ഉപയോഗപ്പെടുത്തും.
സ്വകാര്യവൃദ്ധസദനങ്ങളിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ റിട്ട.ജസ്റ്റിസ് സി എന്‍ രാമചന്ദ്രന് നായര്‍ അദ്ധ്യക്ഷനായുള്ള കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ചര്‍ച ചെയ്ത് നടപ്പാക്കും.
വയോജന ക്ലിനിക്കുകളും പ്രത്യേക ഒ.പികളും ആശുപത്രികളില്‍ തുടങ്ങിയിട്ടുണ്ട്. ഇവ കൂടുതല്‍ ശക്തിപ്പെടുത്തും. മുതിര്‍ന്ന പൗരന്മാരുടെ പ്രധാന ആവശ്യങ്ങളായ കൃത്രിമ ദന്തങ്ങള്‍, കൃത്രിമ ശ്രവണ സഹായികള്‍ വിതരണം ചെയ്യും.
ദീര്‍ഘകാല പരിചരണം ആവശ്യമായ കിടപ്പുരോഗികള്‍ക്കൊപ്പം, ഡിമെന്‍ഷ്യ അല്‍ഷിമേഴ്സ് തുടങ്ങിയവ ബാധിച്ച വൃദ്ധജനങ്ങള്‍ക്ക് പരിചരണം നല്കുന്ന സാന്ത്വന പ്രവര്‍ത്തകര്‍ ഇപ്പോള്‍ത്തന്നെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സജ്ജരാണ്. ഈ സംവിധാനം കൂടുതല്‍ ശക്തമാക്കും.
സംസ്ഥാന, ജില്ല, പ്രാദേശിക തലങ്ങളില്‍ വയോജന കൗണ്‍സിലുകള്‍ക്കു രൂപം നല്‍കും. വയോജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ താലൂക്ക്, ജില്ല, മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ജെറിയാട്രിക്സ് ക്ലിനിക്കുകള്‍ ആരംഭിക്കും. പ്രായമായ സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് മന്ത്രി പറഞ്ഞു.