ആഗോള നവീകരണ സൂചികയില്‍ ഭാരതത്തിന്റെ കുതിച്ചുചാട്ടം, 81-ല്‍ നിന്നും 46-ലേക്ക്

ന്യൂഡല്‍ഹി: സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കുകയെന്ന നവീകരണ സംസ്‌ക്കാരം ഭാരതത്തില്‍ ശക്തിപ്പെടുകയാണ്. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും സ്വയംപര്യാപ്ത ഭാരതമെന്ന നേട്ടത്തിലേക്ക് രാജ്യം കുതിക്കുന്നു. 2021ലെ ആഗോള നവീകരണ സൂചികയില്‍(ഗ്ലോബല്‍ ഇന്നവേഷന്‍ ഇന്‍ഡക്‌സ്-ജിഐഐ) വലിയ നേട്ടമാണ് ഭാരതം കൈവരിച്ചത്.
2015ല്‍ 81-ാം സ്ഥാനത്തായിരുന്ന ഭാരതം ഇത്തവണ 46-ാം സ്ഥാനത്തേക്ക് എത്തി. വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്‍(ഡബ്ല്യുഐപിഒ) ആണ് എല്ലാ വര്‍ഷവും രാജ്യങ്ങളുടെ റാങ്കിംഗ് നിശ്ചയിക്കുന്നത്. രാഷ്ട്രീയ സാഹചര്യങ്ങള്‍, വിദ്യാഭ്യാസ സൗകര്യങ്ങള്‍, ബിസിനസ് അന്തരീക്ഷം എന്നിവയെല്ലാം കണക്കിലെടുത്താണ് റാങ്കിംഗ് തയ്യാറാക്കുന്നത്. ”സര്‍ക്കാര്‍ -സ്വകാര്യ ഗവേഷണ സ്ഥാപനങ്ങളും മികച്ച സ്റ്റാര്‍ട്ട് അപ്പ് അന്തരീക്ഷവുമാണ് ഭാരതത്തിന്റെ റാങ്കിംഗ് നേട്ടത്തിന് സഹായിച്ചത്. ആണവോര്‍ജ്ജ വകുപ്പ്, ശാസ്ത്ര സാങ്കേതിക മന്ത്രാലയം, ബയോടെക്‌നോളജി വകുപ്പ്, ബഹിരാകാശ മന്ത്രാലയം എന്നിവയെല്ലാം ഭാരതത്തിന്റെ ആഗോള നവീകരണ സൂചിക ശക്തിപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്, ഡബ്ല്യുഐപിഒ പ്രസ്താവിച്ചു.