മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് അറിയിക്കാന്‍ തമിഴ്‌നാടിനോട് കേരളം

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഷട്ടര്‍ തുറക്കുന്നതിന് 24 മണിക്കൂറുകള്‍ക്ക് മുമ്പ് മുന്നറിയിപ്പ് നല്‍കണമെന്ന് തമിഴ്‌നാടിനോട് കേരളം. ഡാം തുറന്നാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും മുന്നൊരുക്കങ്ങളെക്കുറിച്ചും കളക്ടറുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ ചര്‍ച്ചയായി.
ഡാമിലെ ജലനിരപ്പ് 138 അടിയിലേയ്ക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ നീരൊഴുക്കില്‍ കുറവ് സംഭവിച്ചിട്ടുണ്ട്.
നിലവില്‍ 2220 ഘനയടി വെള്ളമാണ് അണക്കെട്ടിലേയ്ക്ക് ഒഴുകിയെത്തുന്നത്. ഇതേ അളവ് വെള്ളം തമിഴ്‌നാട് പെന്‍സ്‌റ്റോക്ക് വഴി വൈഗ ഡാമിലേയ്ക്ക് സംഭരിക്കുന്നുണ്ട്. എന്നാല്‍ കൂടുതല്‍ വെള്ളം ഇത്തരത്തില്‍ വൈഗ ഡാമിലേയ്ക്ക് മാറ്റണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് ഇതുവരെ പരിഗണിച്ചിട്ടില്ല.