ആയുര്‍വേദത്തെ കൂടുതല്‍ ജനകീയമാക്കും: മന്ത്രി വീണാ ജോര്‍ജ്

ആയുര്‍വേദത്തെ കൂടുതല്‍ ജനകീയമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആയുര്‍വേദ രംഗത്തെ ഗവേഷണങ്ങള്‍ക്കും പ്രാധാന്യം നല്‍കും. ആയുഷ് മേഖലയില്‍ ഈ അഞ്ച് വര്‍ഷം കൊണ്ട് കൃത്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കണ്ണൂരിലെ അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് സെന്ററിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. തടസങ്ങള്‍ എല്ലാം മാറ്റിക്കൊണ്ട് ഉടന്‍ നിര്‍മ്മാണം ആരംഭിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ആറാമത് ആയുര്‍വേദ ദിനാചരണം, വനിതാ ശിശുവികസന വകുപ്പുമായി ചേര്‍ന്നുള്ള ആയുഷ് വകുപ്പിന്റെ ശില്പശാല, കുട്ടികള്‍ക്കുള്ള സമഗ്ര കോവിഡ് പ്രതിരോധത്തിനുള്ള കിരണം പദ്ധതി എന്നിവയുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ മുഖേന നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ദിനാചരണത്തില്‍ മാത്രം ഒതുങ്ങാതെ ഒരു വര്‍ഷം നീളുന്ന വിവിധ പരിപാടികളാണ് ആയുഷ് വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്. ‘പോഷണത്തിന് ആയുര്‍വേദം’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ വിഷയം. ആരോഗ്യാവസ്ഥയും രോഗാവസ്ഥയും കണക്കിലെടുത്ത് വേണം ആഹാര പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കേണ്ടത്. പ്രകൃതിയുമായി ചേര്‍ന്നുള്ള കൃത്യമായ ഭക്ഷണം വളരെ പ്രധാനപ്പെട്ട കാര്യമാണ്.
കുട്ടികള്‍, കൗമാര പ്രായക്കാര്‍, ഗര്‍ഭിണികള്‍, സൂതികകള്‍ എന്നീ വിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പൊതുവായി നടപ്പിലാക്കാവുന്ന പ്രവര്‍ത്തനങ്ങളുടെയും പരിപാടികളുടെയും രൂപരേഖ തയ്യാറാക്കുന്നതിനും കാലിക പ്രസക്തമായ ആഹാരരീതികള്‍ അവതരിപ്പിക്കുന്നതിനുമായാണ് ശില്പശാല സംഘടിപ്പിക്കുന്നത്.
കേരളത്തിലെ 33,115 അങ്കണവാടികള്‍ കേന്ദ്രീകരിച്ച് പോഷണ സംബന്ധമായ ആയുര്‍വേദ അറിവുകള്‍ പകര്‍ന്നു നല്‍കുകയും പ്രായോഗികമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും ചെയ്യും. സര്‍ക്കാര്‍ സ്വകാര്യമേഖലയിലെ 2000 ത്തോളം ഡോക്ടര്‍മാരാണ് ഈ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. കുട്ടികള്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, ആണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, സൂതികകള്‍ എന്നിവരുടെ ആരോഗ്യ സംരക്ഷണത്തിന് പോഷണ സംബന്ധമായ ആയുര്‍വേദ അറിവുകളും രീതികളും ഫലപ്രദമായി ഉപയോഗിക്കുന്നതിന് ഉതകുന്ന കാര്യങ്ങളാണ് ബോധവല്‍ക്കരണ ക്ലാസുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി. സജിത്ത് ബാബു മുഖ്യപ്രഭാഷണം നടത്തി. ഐ.എസ്.എം. ഡയറക്ടര്‍ ഡോ. കെ.എസ്. പ്രിയ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഡോ. എം.എന്‍. വിജയാംബിക, തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജയ്, ഹോമിയോ കോളേജ് പ്രിന്‍സിപ്പല്‍ ആന്റ് കണ്‍ട്രോളിംഗ് ഓഫീസര്‍ ഡോ. സുനില്‍രാജ്, വനിത ശിശു വികസന വകുപ്പ് അസി. ഡയറക്ടര്‍ സുലക്ഷണ, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. രാജു തോമസ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. പി.ആര്‍. സജി എന്നിവര്‍ പങ്കെടുത്തു.