കോവാക്‌സിന് ബ്രിട്ടന്റെ അംഗീകാരം

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മ്മിത കോവാക്‌സിന് ബ്രിട്ടന്റെ അനുമതി. ഈ മാസം 22 മുതല്‍ കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രാജ്യത്ത് പ്രവേശന അനുമതി ലഭിച്ചു. വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് നിലപാടില്‍ മാറ്റംവരുത്താന്‍ ബ്രിട്ടണ്‍ തയ്യാറായിരിക്കുന്നത്.
കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ അടക്കം പ്രഖ്യാപിച്ച ബ്രിട്ടന്റെ നടപടിക്ക് എതിരെ ഇന്ത്യ പരസ്യമായി രംഗത്തെത്തിയിരുന്നു. വാക്‌സിന്‍ അംഗീകരിക്കാത്തപക്ഷം ബ്രിട്ടീഷ് പൗരന്മാരോട് സമാന നിലപാട് സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഇന്ത്യയും രംഗത്തെത്തിയിരുന്നു.
ഇതിനിടെയാണ് വാക്‌സിന് ആഗോള അംഗീകാരം നല്‍കണമെന്ന ഭാരത് ബയോടെക്കിന്റെ അപേക്ഷ ലോകാരോഗ്യ സംഘടന പരിഗണിച്ചത്. പരീക്ഷണത്തിന്റെ വിവിധ വിവരങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് വാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയത്. അതിന് പിന്നാലെ അമേരിക്കയും വാക്‌സിന് അംഗീകാരം നല്‍കിയിരുന്നു.