ഉദയ്പൂര്‍: രാജ്യത്ത് ആദ്യമായി പിങ്ക് നിറത്തിലുള്ള പുള്ളിപ്പുലിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ദക്ഷിണ രാജസ്ഥാനിലെ ആരവല്ലി മലനിരകളിലുള്ള രണക്പൂര്‍ മേഖലയിലാണ് പിങ്ക് പുള്ളിപ്പുലിയെ കണ്ടെത്തിയതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രദേശവാസികളാണ് പിങ്ക് നിറത്തിലുള്ള പുള്ളിപ്പുലിയെ കണ്ടതായി ആദ്യം അവകാശപ്പെട്ടത്. തുടര്‍ന്ന് ഉദയ്പൂരിലെ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്ററും ഫോട്ടോഗ്രാഫറുമായ ഹിതേഷ് മോട്വാനി നടത്തിയ തിരച്ചിലില്‍ പുലിയെ കണ്ടെത്തുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പുലിക്ക് അഞ്ചോ ആറോ വയസ് കാണുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
മുമ്പ് ദക്ഷിണാഫ്രിക്കയിലാണ് പിങ്ക് പുള്ളിപ്പുലിയെ കണ്ടെത്തിയത്. 2012ലും 2019ലും ദക്ഷിണാഫ്രിക്കയില്‍ പുലിയുടെ സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.