ലൈസന്‍സ് ഇല്ലാതെ മകന്‍ ബൈക്കോടിച്ചു: പിതാവിന് 25,000 രൂപ പിഴ

തൊടുപുഴ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചുതുടങ്ങിയതോടെ പ്രായപൂര്‍ത്തിയാകാത്ത വാഹന ഡ്രൈവര്‍മാര്‍ക്ക് എതിരെ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടി ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ ഇരുചക്രവാഹനങ്ങളില്‍ അമിത വേഗത്തിലും, അനുവദനീയമായതിനേക്കാള്‍ കൂടുതല്‍ ആളുകളെ കയറ്റി യാത്ര ചെയ്യുന്നതും പതിവ് കാഴ്ചയാകുന്നുവെന്ന പരാതികളും ശക്തമാണ്.
അമിത വേഗത്തില്‍ ഇരുചക്രവാഹനങ്ങളില്‍ പായുന്ന വിദ്യാര്‍ത്ഥികള്‍ റോഡില്‍ അപകട സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുവെന്ന നാട്ടുകാരുടെ പരാതികളും വര്‍ധിച്ചുവരുകയാണ്. ഈ സാഹചര്യത്തിലാണ് പിടിക്കപ്പെടുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിക്ക് മോട്ടോര്‍വാഹന വകുപ്പ് ശിപാര്‍ശ ചെയ്യുന്നത്. എയര്‍ഹോള്‍ ഘടിപ്പിച്ച് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് എതിരെയും നടപടി കര്‍ശനമാക്കിയിട്ടുണ്ട്.
ഇതിനിടെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി ബൈക്ക് ഓടിച്ചതിനെ തുടര്‍ന്ന വാഹന ഉടമയായ പിതാവിന മോട്ടോര്‍ വാഹന വകുപ്പ് ഇരുപത്തയ്യായിരം രൂപ പിഴ ചുമത്തി. വാഹന പരിശോധനയ്ക്ക് ഇടയിലാണ് വിദ്യാര്‍ത്ഥി പിടിയിലായത്.