മറ്റുള്ളവര്‍ക്ക് ശല്യമാകാതെ സ്വകാര്യസ്ഥലത്ത് മദ്യപിക്കുന്നത് കുറ്റമല്ലെന്ന് ഹൈക്കോടതി

കൊച്ചി: മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കാതെ സ്വകാര്യസ്ഥലത്തു മദ്യപിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. മദ്യത്തിന്റെ മണം ഉണ്ടെന്നപേരില്‍ ഒരു വ്യക്തി മദ്യലഹരിയില്‍ ആണെന്ന് പറയാനാവില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. അനധികൃത മണല്‍വാരല്‍ കേസിലെ പ്രതിയെ തിരിച്ചറിയുന്നതിന് പോലീസ് സ്‌റ്റേഷനിലെത്തിയ വില്ലേജ് ഓഫീസര്‍ക്കെതിരെ മദ്യപിച്ചിരുന്നു എന്ന കാരണത്താല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കെയാണ് ജസ്റ്റിസ് സോഫി തോമസിന്റെ ഉത്തരവ്.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് അസിസ്റ്റന്റ് കൊല്ലം സ്വദേശി സലിംകുമാര്‍ ആണ് കോടതിയെ സമീപിച്ചത്. 2013 ഫെബ്രുവരി 26നാണ് കേസിന് ആസ്പദമായ സംഭവം. മണല്‍ കടത്തുകേസിലെ പ്രതിയെ തിരിച്ചറിയുന്നതിന് സലിംകുമാറിനെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി. എന്നാല്‍ അപരിചിതനായ പ്രതിയെ തിരിച്ചറിയാല്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ല. തുടര്‍ന്ന് പോലീസ് കള്ളക്കേസില്‍ കുടുക്കിയെന്നും വൈദ്യപരിശോധന നടത്തിയില്ലെന്നും ഹര്‍ജിക്കാരന്‍ പറയുന്നു.
കേസില്‍ ഹര്‍ജിക്കാരന്‍ മദ്യപിച്ച് സ്‌റ്റേഷനില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവെച്ച് കരുതാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതി ഹര്‍ജിക്കാരനെ കുറ്റവിമുക്തനാക്കി ഉത്തരവിറക്കി.