തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരവും സേവനവും മെച്ചപ്പെടുത്തി ഭാവികാലത്തിനു പര്യാപ്തമാകുംവിധം സംസ്ഥാനത്തെ സര്‍വകലാശാലകളെ സജ്ജമാക്കണമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൊതുവിദ്യാഭ്യാസ മേഖലയിലേതുപോലെ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയും മെച്ചപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനില്‍ ചാന്‍സലേഴ്‌സ് പുരസ്‌കാരദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍നിന്നു മിടുക്കരായ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനായി പുറത്തുള്ള സര്‍വകലാശാകളിലേക്കും സ്ഥാപനങ്ങളിലേക്കും വന്‍തോതില്‍ കുടിയേറുന്ന സ്ഥിതിക്കു മാറ്റമുണ്ടാക്കണമെന്നു ഗവര്‍ണര്‍ പറഞ്ഞു. കേരളത്തിന്റെ ഭാവി സാധ്യതകള്‍ ഉന്നതവിദ്യാഭ്യാസ മേഖലയുടെ മുന്നോട്ടുപോക്കിനെ ആശ്രയിച്ചാണിരിക്കുന്നത്. നിലവിലുള്ള പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കപ്പെടണം. ഭൗതികവും സാഹിത്യപരവും കലാപരവും ധാര്‍മ്മികവും നീതിശാസ്ത്രപരവുമായ പാരമ്പര്യവും സാങ്കേതിക നൈപുണ്യവും തലമുറകളിലൂടെ കൈമാറ്റം ചെയ്യുന്ന മാധ്യമമാണ് സര്‍വകലാശാല. ഇതു രാജ്യ പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. നമ്മുടെ സാംസ്‌കാരിക പൈതൃകങ്ങളുടെ ഭാഗമായ മൂല്യബോധം പ്രദാനം ചെയ്യുക എന്നത് സര്‍വകലാശാലകളുടെ ഒരു പ്രധാന ധര്‍മമാണ്. കോവിഡിനു ശേഷം ഓണ്‍ലൈന്‍ – ഡിജിറ്റലി എനേബിള്‍ഡ് വിദ്യാഭ്യാസ രീതിയിലൂടെ പഠനവും അധ്യാപനവും സമന്വയിപ്പിക്കാന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് പൂര്‍ത്തിയാകുന്നതോടെ വിദ്യാഭ്യാസ രംഗത്തെ സാങ്കേതികവിദ്യയുടെ പ്രയോഗത്തില്‍ ഉത്തേജനമുണ്ടാക്കാനാകും. സര്‍വകലാശാലാ പഠന വിഭാഗങ്ങളില്‍ ഓണ്‍ലൈന്‍ എക്‌സാമിനേഷന്‍ സംവിധാനം രൂപപ്പെടുത്താന്‍ കഴിയണം. ഫലപ്രാപ്തി വിദ്യാഭ്യാസത്തിനനുസൃതമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നതിനാവശ്യമായ അധ്യാപക പരിശീലനം നല്‍കേണ്ടതുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു.