പരാതികള്‍ക്ക് ഉടന്‍ പരിഹാരം: റേഷന്‍ കടകളില്‍ ഡ്രോപ് ബോക്സുകള്‍ സ്ഥാപിക്കും

തിരുവനന്തപുരം: റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷകള്‍, എ.ആര്‍.ഡിയുമായി ബന്ധപ്പെട്ട പരാതികള്‍, നിര്‍ദ്ദേശങ്ങള്‍, റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണ നിലവാരവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അധികൃതരെ അറിയിക്കുന്നതിന് റേഷന്‍ കടകളില്‍ ഡ്രോപ് ബോക്സുകള്‍ സ്ഥാപിക്കും. പരാതി നല്‍കുന്നത് എളുപ്പത്തിലാക്കാനും പരാതി പരിഹാരം വേഗത്തിലാക്കാനും ഡ്രോപ് ബോക്‌സുകള്‍ സഹായിക്കും.
ബോക്സിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ക്കായിരിക്കും. ഓരോ ആഴ്ചയുടെയും അവസാന പ്രവര്‍ത്തി ദിവസം ഫര്‍ക്ക റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ റേഷന്‍ ഡിപ്പോകളില്‍ സൂക്ഷിച്ചിട്ടുള്ള ബോക്സ് തുറന്ന് റേഷന്‍ കാര്‍ഡിനെ സംബന്ധിച്ച അപേക്ഷകള്‍ താലൂക്ക് സപ്ലൈ ഓഫീസിലും, റേഷന്‍ സാധനങ്ങളുടെ ഗുണനിലവാരം, അളവ്, വില, എ.ആര്‍.ഡിയുമായി ബന്ധപ്പെട്ട പരാതികള്‍, നിവേദനങ്ങള്‍, പരാതികള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ എ.ആര്‍.ഡി തലത്തില്‍ രൂപീകരിച്ചിട്ടുള്ള വിജിലന്‍സ് കമ്മിറ്റിക്കും കൈമാറും.