പത്തനംതിട്ട: ശബരിമല തീര്‍ഥാടകരുടെയും ക്ഷേത്രത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ക്ഷേത്ര പരിസരം 24 മണിക്കൂറും പോലീസിന്റെ സിസിടിവി കാമറ വലയത്തില്‍. ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ 76 സിസിടിവി കാമറകളാണ് നിരീക്ഷണത്തിനായി ക്രമീകരിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനിയുടെ നേതൃത്വത്തിലാണ് നിരീക്ഷണം നടത്തുന്നത്.
സന്നിധാനത്തെ കണ്ട്രോള് റൂം മേല്‍നോട്ടം പോലീസ് സ്പെഷല്‍ ഓഫീസറും ക്രൈം ബ്രാഞ്ച് എസ്പിയുമായ എ.ആര്. പ്രേംകുമാറിനാണ്. നിരീക്ഷണ കാമറകളുടെ പ്രധാന കണ്ട്രോള് റൂം പമ്പയിലാണ്. കെല്‍ട്രോണാണ് സിസിടിവി സ്ഥാപിച്ചിരിക്കുന്നത്. മൃഗങ്ങളുടെ സാന്നിധ്യം അറിയുന്നതിനും മറ്റ് സുരക്ഷാ വിലയിരുത്തലുകള്‍ നടത്തുന്നതിനുമാണ് സിസിടിവികള്‍ സ്ഥാപിച്ചിരിക്കുന്നത്.
സുരക്ഷയുടെ ഭാഗമായി ബോംബ് സ്ക്വാഡ്, മെറ്റല്‍ ഡിറ്റക്ടര്‍, എക്സ്റേ സ്കാനര്‍ തുടങ്ങിയ പരിശോധനകള്‍ നടപ്പന്തല്‍, വാവര്നട, വടക്കേനട തുടങ്ങിയ ഇടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. ബോംബ് സ്ക്വാഡിന്റെ ടീം ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് വിവിധ ഇടങ്ങളില്‍ പരിശോധന നടത്തിവരുന്നു. പോലീസ് നിരീക്ഷണ കാമറ കൂടാതെ വിവിധ ഇടങ്ങളിലായി ദേവസ്വം വിജിലന്‍സ് 75 സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പോലീസിന്റെ സിസിടിവി കാമറകള്‍ ശ്രീകോവില്‍, നടപ്പന്തല്‍, അപ്പം -അരവണ കൗണ്ടര്‍, മരക്കൂട്ടം, പമ്പ, പമ്പ കെഎസ്ആര്‍ടിസി തുടങ്ങിയ ഇടങ്ങളിലും ഉണ്ട്. പരമ്പരാഗത പാതയില്‍ നീലിമല ഭാഗത്തും, അപ്പാച്ചിമേട്, ശബരീപീഠം തുടങ്ങിയ ഇടങ്ങളിലും സിസിടിവി കാമറകളുണ്ട്.