ന്യൂഡല്‍ഹി: ഒമിക്രോണ്‍ വ്യാപന സാധ്യത പരിഗണിച്ച് മൂന്നാം ഡോസ് വാക്സിനും, കുട്ടികള്‍ക്കുള്ള വാക്സിനും പരിഗണിക്കാന്‍ രാജ്യം. ഇത് സംബന്ധിച്ച് വിദഗ്ധ സമിതി അന്തിമ തീരുമാനമെടുക്കും. മൂന്നാം ഡോസ് വാക്സിന് നല്‍കണമെന്ന ആവശ്യം ഇതിനകം വിവിധ സര്‍ക്കാരുകള്‍ കേന്ദ്ര സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
ഡല്‍ഹി, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങള്‍ ഒമിക്രോണ്‍ ഭീഷണിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മുംബൈയില്‍ ഒമിക്രോണ്‍ സംശയിക്കുന്നവരുടെ എണ്ണം 25 ആയി ഉയര്‍ന്നു. ഇതില്‍ 19 പേര് വിദേശത്തുനിന്നും വന്നവരാണ്. ആറ് പേര് ഇവരുമായി സമ്പര്‍ക്കത്തില്‍ എത്തിയവരാണ്.
ജയ്പൂരിലെ ഒരു കുടുംബത്തിലെ ഒമ്പതുപേര്‍ക്ക് ഒമിക്രോണ്‍ വകഭേതം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍നിന്ന് കഴിഞ്ഞമാസമാണ് കുടുംബം നാട്ടിലെത്തിയത്.
ബംഗളൂരുവില്‍ ഡോക്ടര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആയിരത്തിലധികം ആളുകളെ നിരീക്ഷിച്ചുവരുകയാണെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. ഡല്‍ഹിയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധ ശക്തമാക്കിയിട്ടുണ്ട്.
ഒമിക്രോണിനെ പ്രതിരോധിക്കാന്‍ വാക്സിനേഷന് സാധിക്കുമെന്ന വിലയിരുത്തലില്‍ വാക്സിനേഷന് കൂടുതല്‍ വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ ശ്രമം. കോവിഡ് മൂന്നാം തരംഗം ഒഴിവാക്കാന്‍ ജനങ്ങള്‍ കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വദഗ്ധര്‍ വ്യക്തമാക്കുന്നു.