110കാരന്റെ തിമിര ശസ്ത്രക്രീയ വിജയം: ചരിത്രമെഴുതി മഞ്ചേരി മെഡിക്കല്‍ കോളേജ്

മലപ്പുറം: മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തിമിര ശസ്ത്രക്രീയയിലൂടെ 110-കാരന്‍ വീണ്ടും കാഴ്ചയുടെ ലോകത്തേയ്ക്ക്. മലപ്പുറം സ്വദേശി രവിയാണ് നേത്രരോഗ വിഭാഗത്തിന്റെ സഹായത്തോടെ വീണ്ടും വെളിച്ചത്തിന്റെ ലോകത്തേയ്ക്ക് മടങ്ങിയെത്തിയത്.
രണ്ട് കണ്ണിനും തിമിരം ബാധിച്ച് പൂര്‍ണമായും കാഴ്ച നഷ്ടപ്പെട്ട നിലയിലാണ് രവി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് ശസ്ത്രക്രീയയ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
രണ്ട് കണ്ണുകളുടെയും ശസ്ത്രക്രീയ ഒരേദിവസം തന്നെ നടന്നു. നേത്രരോഗ വിഭാഗം മേധാവി ഡോ. രജനി ശസ്ത്രക്രീയയ്ക്ക് നേതൃത്വം നല്‍കി. നേത്രരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പി.എസ് രേഖ, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. വീണ ദത്ത്, അനസ്‌തേഷ്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഷുഹൈബ് അബൂബക്കര്‍ എന്നിവര്‍ ശസ്ത്രക്രീയയില്‍ പങ്കാളികളായി. ശസ്ത്രക്രീയ സംഘത്തെ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് അഭിനന്ദിച്ചു.