2022ല്‍ കേരളത്തില്‍ 1,00,000 ചെറുകിട സംരംഭങ്ങള്‍ തുടങ്ങുക ലക്ഷ്യം: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: 2022 വ്യവസായ വര്‍ഷമായിക്കണ്ട് സംസ്ഥാനത്ത് 1,00,000 സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍(എം.എസ്.എം.ഇ) തുടങ്ങുകയാണു ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റിനെ(കീഡ്) സംരംകത്വ വികസനത്തിലെ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തരവാദിത്ത നിക്ഷേപത്തിന്റേയും ഉത്തരവാദിത്ത വ്യവസായത്തിന്റേയും കേന്ദ്രമാക്കി കേരളത്തെ മാറ്റാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു മന്ത്രി പറഞ്ഞു. എത്രപേര്‍ക്കു പരിശീലനം നല്‍കി എന്നതിലല്ല, എത്ര സംരംഭകരെ സൃഷ്ടിച്ചു എന്നതാകണം സംരംഭകത്വ വികസനത്തിന്റെ മാനദണ്ഡം. പശ്ചിമഘട്ട സംരക്ഷണം, തീരസംരക്ഷണം, തണ്ണീര്‍ത്തട സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പരിമിതികള്‍ മനസിലാക്കിയുള്ള വ്യവസായ വികസനമാണു സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. സംരംഭകത്വ വികസനത്തിനായി എം.എസ്.എം.ഇകള്‍, ക്ലസ്റ്ററുകള്‍ തുടങ്ങിയവ പ്രോത്സാഹിപ്പിക്കപ്പെടണം. നിലവില്‍ 16 ക്ലസ്റ്ററുകളാണു സംസ്ഥാനത്തുള്ളത്. ഇതു വ്യാപിപ്പിക്കും. ഓരോ ഗ്രാമത്തിലും ചെറിയ ക്ലസ്റ്ററുകള്‍ തുടങ്ങണം. കോമണ്‍ ഫെസിലിറ്റി സെന്ററുകളും കൂടുതലായി ആരംഭിക്കണം.
സംരംഭകനാകാന്‍ ആഗ്രഹിച്ചെത്തുന്നവരെ മികച്ച സംരംഭകരായി തിരികെ അയക്കാനുള്ള എല്ലാ സംവിധാനവും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റിന് (കീഡ്) ഉണ്ടാകണം. സംരംഭകര്‍ക്ക് സാങ്കേതികവിദ്യ, മാര്‍ക്കറ്റിങ്, മാനേജ്‌മെന്റ് എന്നിവയില്‍ വൈദഗ്ധ്യം നല്‍കാന്‍ കഴിയുന്ന സ്ഥാപനമായി കീഡ് വികസിക്കണം. കുട്ടികളില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് 700 ഓളം സംരംഭകത്വ വികസന ക്ലബുകള്‍ സ്‌കൂളുകളില്‍ ആരംഭിച്ചിട്ടുണ്ട്. മേയ് മാസത്തോടെ ഇത് 1,000 ആക്കി ഉയര്‍ത്തും. കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്നങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് മൂവായിരം പേര്‍ക്ക് രണ്ടു ഘട്ടമായി പരിശീലനം നല്‍കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.