രാജ്യത്തിന്റെ സാംസ്‌കാരിക ഐക്യബോധത്തെ ഉയര്‍ത്തിപ്പിടിക്കുന്ന നാടാണു കേരളം: രാഷ്ട്രപതി രാംനാഥ് കോവിന്ദ്

തിരുവനന്തപുരം: രാജ്യത്തിന്റെ സാംസ്‌കാരിക ഐക്യബോധത്തെ ഏറ്റവും ഉയര്‍ന്ന രീതിയില്‍ പ്രകടിപ്പിക്കുന്ന നാടാണു കേരളമെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നവരാണു മലയാളികളെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പൂജപ്പുരയില്‍ പി.എന്‍. പണിക്കരുടെ പൂര്‍ണകായ വെങ്കല പ്രതിമ അനാവരണം ചെയ്ത ശേഷം പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപതി.

മാനവശേഷി വികസനത്തിന്റേയും സുസ്ഥിര വികസനത്തിന്റേയും നിരവധി സൂചികകളില്‍ കേരളം രാജ്യത്തെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണെന്നു രാഷ്ട്രപതി ചൂണ്ടിക്കാട്ടി. മാറിമാറി വന്ന സര്‍ക്കാരുകള്‍ വളര്‍ച്ചയുടേയും വികസനത്തിന്റേയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധവച്ചു. ഇതു മികവിന്റെ നിരവധി തലങ്ങളില്‍ കേരളത്തിന്റെ നേതൃസ്ഥാനം നിലനിര്‍ത്താന്‍ സഹായിച്ചു.

കേരളത്തിലെ ജനങ്ങള്‍ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഏറെ ആദരം നേടിയിട്ടുണ്ട്. കേരളത്തില്‍നിന്നുള്ള പ്രവാസികള്‍ ഇവിടേയ്ക്കു പണം അയക്കുക മാത്രമല്ല, തൊഴിലിടങ്ങളായി അവര്‍ എത്തിയ ദേശങ്ങളില്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു. സേവന മേഖലയില്‍ സംസ്ഥാനത്തുനിന്നുള്ള പ്രൊഫഷണലുകള്‍, പ്രത്യേകിച്ച് ഡോക്ടര്‍മാരും നഴ്‌സുമാരും എല്ലായിടത്തും ഏറെ ബഹുമാനം പിടിച്ചുപറ്റുന്നവരാണ്. കോവിഡ് മഹാമാരി ലോകത്തെയാകെ ബാധിച്ചപ്പോള്‍ കേരളത്തില്‍നിന്നുള്ള നഴ്‌സുമാരും ഡോക്ടര്‍മാരുമായിരുന്നു ഇന്ത്യയില്‍നിന്നും മധ്യപൂര്‍വേഷ്യയില്‍നിന്നുമുള്ള കോവിഡ് പോരാളികളില്‍ മുന്‍പന്തിയില്‍. വിദൂര ഗ്രാമങ്ങളില്‍പ്പോലും ഒരു ഗ്രന്ഥശാലയുണ്ടെന്നതു കേരളത്തിന്റെ സവിശേഷതയാണെന്നു രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

കേരളം സന്ദര്‍ശിച്ച രാഷ്ട്രപതി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പത്‌നി സവിത കോവിന്ദ്, മകള്‍ സ്വാതി കോവിന്ദ്, കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. ദര്‍ശനത്തിനു ശേഷം ക്ഷേത്രത്തിന്റെ വടക്കേനടയില്‍വച്ച് ക്ഷേത്രം ട്രസ്റ്റി അംഗങ്ങള്‍ അദ്ദേഹത്തിന് ഉപഹാരങ്ങള്‍ സമ്മാനിച്ചു.