മാധ്യമപ്രവര്‍ത്തനം മഹത്തരമായ തൊഴില്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: നിര്‍ഭയവും നിഷ്പക്ഷവുമായ മാധ്യമപ്രവര്‍ത്തനം ഭാരതത്തിന്റെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും അധിഷ്ഠിതമാണെന്നും ഈ തൊഴിലിന്റെ പ്രാധാന്യം മാധ്യമപ്രവര്‍ത്തകരും ജേര്‍ണലിസം വിദ്യാര്‍ഥികളും തിരിച്ചറിഞ്ഞുകൊണ്ട് പ്രവര്‍ത്തിക്കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

കേരള മീഡിയ അക്കാദമിയുടെ 2018, 2019 വര്‍ഷങ്ങളിലെ മാധ്യമ അവാര്‍ഡുകളും അക്കാദമിയുടെ 2019-20 ലെ പി.ജി. ഡിപ്ലോമ കോഴ്‌സിലെ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളും കോവളത്തെ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

അച്ചടിക്കുന്നതും പ്രക്ഷേപണം ചെയ്യുന്നതുമായ ഓരോ വാക്കിനും വളരെ പ്രാധാന്യമുണ്ട്. തൂലിക എഴുതാനുള്ള ഒരു ഉപകരണം മാത്രമല്ല അത് അറിവിന്റെ ഉറവിടം കൂടിയാണ്. സ്വന്തം താത്പര്യങ്ങള്‍ക്ക് അധീതമായി നിന്ന് വസ്തുതകള്‍ മനസ്സിലാക്കികൊണ്ടുള്ള റിപ്പോര്‍ട്ടിങ്ങ് രീതിയാണ് അവലംബിക്കേണ്ടത്.
ക്ലാസുമുറികളും സര്‍വകലാശാലകളും ആശയങ്ങളുടെ വ്യാപാരകേന്ദ്രങ്ങളാണ്. പഠനം ഒരു തുടര്‍പ്രക്രിയയാണ്. ഒരു ധ്യാനം പോലെ തന്നെ അറിവിനെ പിന്തുടരണം. എങ്കില്‍ മാത്രമേ സമുന്നതമായ ആശയങ്ങള്‍ രൂപപ്പെടുത്താന്‍ സാധിക്കൂ.

ലഭിച്ച അവാര്‍ഡുകള്‍ കൂടുതല്‍ മഹത്തരമായ നേട്ടങ്ങള്‍ക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രചോദനം നല്‍കുമെന്നും അതോടൊപ്പം അവ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് നല്‍കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

ചടങ്ങില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ സ്ത്രീധനവിരുദ്ധ പ്രതിജ്ഞ ഗവര്‍ണര്‍ക്ക് ഒപ്പിട്ടു നല്‍കി.
എം. വിന്‍സന്റ് എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി കല. കെ, മാധ്യമ നിരീക്ഷകന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍, യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ചിന്ത ജെറോം, അക്കാദമി വൈസ് ചെയര്‍മാന്‍ ദീപു രവി, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഡോ. എം. ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.