പോലീസിന്റെ നാക്ക് കേട്ടാല്‍ അറപ്പുളവാക്കരുതെന്ന് മുഖ്യമന്ത്രി

തൃശൂര്‍: കാലം മാറിയെന്നും, കാലത്തിനൊപ്പം മാറ്റം ഉള്‍ക്കൊള്ളാന്‍ പോലീസും തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആധുനിക പരിശീലനം ലഭിച്ചുവെങ്കിലും പഴയതിന്റെ ചില തകട്ടലുകള്‍ അപൂര്‍വ്വം ചിലരിലുണ്ട്. അത് പൊതുവെ പോലീസ് സേനയ്ക്ക കളങ്കമുണ്ടാക്കുന്നു. ഇത് ഓരോരുത്തരും വ്യക്തിപരമായി തിരിച്ചറിയണം. പോലീസിന്റെ നാക്ക് കേട്ടാല്‍ അറപ്പ് ഉളവാക്കുന്നതാകരുത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുന്നതുകൊണ്ടാണ് തുടക്കത്തിലേ ഓര്‍മ്മിപ്പിക്കുന്നത്. നാടിന്റെ സംസ്‌കാരിക ഉന്നമനത്തിന് അനുസരിച്ചുള്ള സേനയാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ എസ്.ഐമാരുടെ പാസ്സിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോലീസിന് നല്‍കുന്ന പരിശീലനം ശരിയായ നിലയിലല്ലെങ്കില്‍ സമൂഹത്തിന് അത് വിനയാകും. പഴയ കാലത്ത് പോലീസിനെ ഉപയോഗിച്ചിരുന്നത് അടിച്ചമര്‍ത്തുന്നതിന് ആയിരുന്നു. ആ കാലം മാറിയെങ്കിലും പോലീസ് സേനയില്‍ വലിയ മാറ്റമൊന്നും ഉണ്ടായില്ല. സാധാരണ സമ്പ്രദായങ്ങളില്‍നിന്ന് പാസ്സിങ് ഔട്ട് പരേഡില്‍ മാറ്റം വരുത്തണം. ഉത്തരവാദിത്തപ്പെട്ടവര്‍ അത് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.