നവകേരളം കര്‍മ പദ്ധതിയിലെ വിദ്യാകിരണം മിഷന്റെ ഭാഗമായി അത്യാധുനിക നിലവാരത്തില്‍ നിര്‍മിച്ച 53 സ്കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് നാടിനു സമര്‍പ്പിച്ചു. കിഫ്ബിയില്‍നിന്നുള്ള അഞ്ചു കോടി രൂപ വീതം ചെലവാക്കി നിര്‍മിച്ച നാലു കെട്ടിടങ്ങള്‍, മൂന്നു കോടി വീതം ചെലവഴിച്ചു നിര്‍മിച്ച 10 കെട്ടിടങ്ങള്‍, ഒരു കോടിയുടെ രണ്ടു കെട്ടിടങ്ങള്‍, പ്ലാന്‍ ഫണ്ടും മറ്റും പ്രയോജനപ്പെടുത്തി നിര്‍മിച്ച 37 കെട്ടിടങ്ങള്‍ എന്നിവയടക്കം 90 കോടി രൂപയുടെ പദ്ധതികളാണ് മുഖ്യമന്ത്രി ഇന്നലെ(ഫെബ്രുവരി 10) ഉദ്ഘാടനം ചെയതത്. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയിലെ ആദ്യ പരിപാടിയായിരുന്നു ഇത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി 9,34,000 വിദ്യാര്‍ഥികള്‍ പുതുതായി പൊതുവിദ്യാലയങ്ങളിലേക്കെത്തിയതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്കൂളുകളിലെ ഭൗതിക സാഹചര്യങ്ങള്‍ മാത്രമല്ല, വിദ്യാര്‍ഥികള്‍ക്കു ലഭ്യമാകേണ്ട മറ്റ് ആധുനിക സൗകര്യങ്ങളും സജ്ജമാക്കണം. വിജ്ഞാന സമൂഹമെന്ന കാഴ്ച്ചപ്പാടോടെയുള്ള മുന്നേറ്റത്തിനു അത് പ്രധാനമാണ്. 100 ദിന പരിപാടിയില്‍പ്പെടുത്തി കെഫോണിലൂടെ 140 നിയമസഭാ മണ്ഡലങ്ങളിലായി 100 കുടുംബങ്ങള്‍ക്കുവീതം ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി ഒരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നാട് ആധുനിക ലോകത്തിനനുസൃതമായി മാറുന്നതിന്റെ സൂചകമാണിത്. സംസ്ഥാനത്തെ 30,000 സര്‍ക്കാര്‍ ഓഫിസുകള്‍ക്കും കെഫോണിന്റെ ഭാഗമായുള്ള കണക്ഷന് നല്‍കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ പൊതുവിദ്യാഭ്യാസ രംഗത്തിന് ഊന്നല്‍ നല്കിയ മാതൃകയില്‍ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയേയും ശാക്തീകരിക്കും. അതിനുള്ള നടപടികള്‍ വൈകാതെയുണ്ടാകും.
സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 100 ദിന കര്‍മ പരിപാടിയില്‍ ലൈഫ് മിഷനില്‍പ്പെടുത്തി 20,000 കുടുംബങ്ങള്‍ക്ക് 20,000 വീടുകള്‍ നല്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. വാതില്‍പ്പടി സേവനം എല്ലായിടത്തേക്കും വ്യാപിപ്പിക്കും. 15,000 പേര്‍ക്കു പട്ടയം നല്‍കാനാണു തീരുമാനിച്ചിരിക്കുന്നതെങ്കിലും അതിലുമേറെ പട്ടയം നല്കാന് കഴിയും. സുഭിക്ഷ ഹോട്ടലുകള്‍ എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും. 15 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, 150 വെല്‍നസ് സെന്ററുകള്‍, 150 വിദ്യാര്‍ഥികള്‍ക്ക് നവകേരള ഫെലോഷിപ്പ്, 1500 ഗ്രാമീണ റോഡുകള്‍, മാങ്കുളം ജലവൈദ്യുതി പദ്ധതി, ചേര്‍ത്തല മെഗാ ഫുഡ് പാര്‍ക്ക് തുടങ്ങി ഒട്ടേറെ പദ്ധതികള്‍ 100 ദിന പരിപാടിയുടെ ഭാഗമാണ്. കേരളത്തിന്റെ മുഖഛായ മാറ്റാനും നവകേരളം സൃഷ്ടിക്കാനുമാണു സര്‍ക്കാരിന്റെ ശ്രമം. അതിന് ഉതകുന്ന നടപടികളാണ് 100 ദിന പരിപാടിയുടെ ഭാഗമായി നടപ്പാക്കുക.
നൂറു ദിന പരിപാടിയുടെ ഭാഗമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 23 ലക്ഷത്തോളം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു വരുന്നവയാണ് ഇത്. 100 ദിന പരിപാടിയില്‍ 1557 പദ്ധതികളുണ്ടാകും. 17,183 കോടി രൂപയാണ് ഇതില്‍ മുതല്‍മുടക്കുന്നത്. ഇത്ര ഭീമമായ തുകയ്ക്കുള്ള പരിപാടികള്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പ്രാവര്‍ത്തികമാകാന്‍ പോകുകയാണ്. ഏതെങ്കിലും ഒരു വിഭാഗത്തെയോ പ്രദേശത്തെയോ കേന്ദ്രീകരിച്ചല്ല, സമൂഹത്തിന്റെയും നാടിന്റെയും എല്ലാ ഭാഗങ്ങളേയും സമഗ്രമായി സ്പര്‍ശിക്കുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്.
നാടിന്റെ വികസനം ഉറപ്പാക്കുക എന്നതാണ് ജനങ്ങള്‍ അധികാരത്തിലേറ്റിയ സര്‍ക്കാരിന്റെ പ്രധാന കടമ. വികസനം ഏതെങ്കിലും വിഭാഗത്തിന് ആസ്വദിക്കാനുള്ളതല്ല, നാടിനാകെ ആസ്വദിക്കാനുള്ളതാണ്. ഇപ്പോഴത്തെ വികസന പദ്ധതികള്‍ ഇന്നു നാം കാണുന്ന മുതിര്‍ന്നവര്‍ക്കുള്ളതല്ല, ഇന്നു പഠിക്കുന്നവരും നാളെ പഠിക്കേണ്ടവരും അങ്ങനെ നമ്മുടെ ഭാവി തലമുറയ്ക്കും വേണ്ടിയുള്ളതാണ്. ഇവ ഒരുക്കാന്‍ കഴിയുന്നില്ലെങ്കില്‍ വലിയ കുറ്റമായി മാറും. സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നില്ലെന്നു ജനങ്ങള്‍ കുറ്റപ്പെടുത്തും. ചെറുതും വലുതുമായ പദ്ധതികള്‍ നാടിന്റെ വികസനത്തിനാണെന്ന മനോഭാവത്തോടെയാകണം കാണേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭൗതിക നിലവാരത്തിനൊപ്പം അക്കാദമിക് നിലവാരവും വര്‍ധിപ്പിക്കാനുള്ള ഊര്‍ജിത നടപടികള്‍ അടുത്ത അധ്യയന വര്‍ഷം മുതലുണ്ടാകുമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. എല്ലാ സ്കൂളുകളിലും ആധുനിക നിലവാരത്തിലുള്ള ലബോറട്ടറി, ലൈബ്രറി സൗകര്യങ്ങള്‍ ഇതിന്റെ ഭാഗമായി സജ്ജമാക്കും. കോവിഡ് സാഹചര്യത്തില്‍നിന്ന് സാധാരണ അന്തരീക്ഷത്തിലേക്കു വിദ്യാലയങ്ങള്‍ തിരികെയെത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും ജാഗ്രതയോടെ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുകയാണ്. പാഠഭാഗങ്ങള്‍ കൃത്യമായി പഠിപ്പിച്ചു തീര്‍ക്കുന്നതിനുള്ള പരിശ്രമങ്ങള്‍ നടക്കുന്നു. പരീക്ഷകള്‍ കൃത്യസമയത്തു നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.