ന്യൂഡല്‍ഹി: നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മാധ്യമങ്ങള്‍ക്കെതിരായ നടപടികള്‍ കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ‘പഞ്ചാബ് പൊളിറ്റിക്‌സ് ടി.വി’ എന്ന മാധ്യമ സ്ഥാപനം നിരോധിച്ചതായി ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മിനിസ്ട്രി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
നടപടിയുടെ ഭാഗമായി ചാനലിന്റെ ആപ്പ്, വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവയും കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചിട്ടുണ്ട്. 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നിയമപ്രകാരം നിരോധനമേര്‍പ്പെടുത്തിയിട്ടുള്ള സിഖ് ഫോര്‍ ജസ്റ്റിസ് (എസ്.എഫ്.ജെ) എന്ന സംഘടനയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചാനലിന് എതിരായ നടപടി.
ചാനല്‍ സംപ്രേക്ഷണം ചെയ്ത കണ്ടന്റുകള്‍ സാമൂഹിക അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിനും വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നതിനും ഉതകുന്നതാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. രാജ്യത്തിന്റെ അഘണ്ഡതയും സുരക്ഷിതത്വവും കാത്തുസൂക്ഷിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇത്തരം കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്നും പത്രക്കുറിപ്പില്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍മ്മിപ്പിക്കുന്നു.