ന്യൂഡല്‍ഹി: രാജ്യം ജനഗണമനയ്ക്ക് നല്‍കുന്ന അതേ ആദരവ് വന്ദേമാതരത്തിനും നല്‍കണമെന്ന് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ബി.ജെ.പി നതോവ് അശ്വനി കുമാര്‍ ഉപാദ്ധ്യായ ഡല്‍ഹി ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി പരിഗണിച്ച കോടതി കേന്ദ്ര സര്‍ക്കാരിനും പൊതുവിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങളുടെ ചുമതലയുള്ള എന്‍.സി.ഇ.ആര്‍.ടിക്കും നോട്ടീസ് അയച്ചു.
വന്ദേമാതരം പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ദേശീയ നയം രൂപീകരിക്കണമെന്നും ജനഗണമനയും വന്ദേമാതരവും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആലപിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി നവംബര്‍ 9ന് വീണ്ടും പരിഗണിക്കും. ഇതിന് മുമ്പ് വിഷയത്തില്‍ വിശദമായ മറുപടി നല്‍കണമെന്നാണ് അധികാരികളോട് കോടതിയുടെ നിര്‍ദ്ദേശം. അതേസമയം, ഹര്‍ജിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി, ഇത്തരം നടപടികള്‍ ഒരു പബ്ലിസിറ്റി സ്റ്റണ്ടായാണ് തോന്നുന്നതെന്നും പറഞ്ഞു.