കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് മൂലം രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ ഭാവി സംരക്ഷിക്കുന്നതിന്റെ ഭാഗമായി ‘പി.എം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍സ്’ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന്റെ എട്ടാം വാര്‍ഷികത്തിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്. കേരളത്തിലെ 112 കുട്ടികള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് ആണ് പദ്ധതി നടത്തിപ്പിന്റെ ചുമതല.

കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി പ്രതിമാസം നാലായിരം രൂപ. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം, ഉന്നത വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പ്, ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് കാര്‍ഡുവഴി അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

18 വയസ് മുതല്‍ 23 വയസുവരെ ഉള്ളവര്‍ക്ക് മാസം തോറും പ്രത്യേക സ്‌റ്റൈപന്‍ഡ്, 23 വയസ് ആകുമ്പോള്‍ 10 ലക്ഷം രൂപ എന്നിവയും പദ്ധതിയുടെ ഭാഗമായി ലഭിക്കും. വിവിധ സ്ഥാപനങ്ങളിലാണ് കുട്ടി താമസിക്കുന്നത് എങ്കില്‍ ധനസഹായം ആ സ്ഥാപനത്തിന് ആയിരിക്കും ലഭിക്കുക.