കറുത്ത നിറത്തിലുള്ള വസ്ത്രവും മാസ്‌കും ധരിക്കാന്‍ പാടില്ലെന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം സംസ്ഥാനത്തു നടക്കുന്നുണ്ടെന്നും ഏതെങ്കിലും പ്രത്യേക നിറത്തിലുള്ള വസ്ത്രം ധരിക്കാന്‍ പാടില്ലെന്ന നിലപാട് സര്‍ക്കാരിനെല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള നിറത്തില്‍ വസ്ത്രം ധരിക്കാന്‍ അവകാശമുണ്ട്. നാട്ടില്‍ വഴി നടക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സാഹചര്യം ഒരു കാരണവശാലുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗ്രന്ഥശാലാ പ്രവര്‍ത്തക സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
വഴി തടയുകയാണെന്നു പറഞ്ഞ് ഒരുകൂട്ടര്‍ സംസ്ഥാനത്തു കൊടുമ്പിരികൊണ്ട പ്രചാരണം നടത്തുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വഴിനടക്കാനുള്ള സ്വാതന്ത്രം ഒരുകൂട്ടര്‍ക്കും നിഷേധിക്കുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകില്ല. പഴയ ചിന്താഗതിയോടെ സമൂഹത്തില്‍ ഇടപെടുന്ന ചില ശക്തികള്‍ ചിലതൊക്കെ ആഗ്രഹിക്കുന്നുണ്ടാകാം. പക്ഷേ പ്രബുദ്ധ കേരളം അതു സമ്മതിക്കില്ല. കറുപ്പു നിറത്തിലുള്ള വസ്ത്രവും മാസ്‌കും ധരിക്കാന്‍ പറ്റില്ലെന്ന തെറ്റിദ്ധാരണാജനകമായ പ്രചാരണം കുറച്ചു ദിവസമായി നടക്കുന്നുണ്ട്. ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കാനുള്ള അവകാശത്തിനു വേണ്ടി വലിയ പ്രക്ഷോഭങ്ങള്‍ നടന്ന നാടാണിത്. മുട്ടിനുതാഴെ മുണ്ടുടുക്കാനും മാറുമറയ്ക്കാനുമുള്ള അവകാശങ്ങള്‍ക്കായി വലിയ പോരാട്ടം ഇവിടെ നടന്നിട്ടുണ്ട്. അങ്ങനെയാണ് ആ അവകാശങ്ങള്‍ നേടിയെടുത്തത്. ഏതെങ്കിലും തരത്തില്‍ അവ ഹനിക്കുന്ന പ്രശ്‌നമേയില്ല.
എത്ര തെറ്റിദ്ധാരണാജനകമായാണു ചില ശക്തികള്‍ നിക്ഷിപ്ത താത്പര്യത്തോടെ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നതു മനസിലാക്കണം. അതിന്റെ ഭാഗമായാണു കറുത്ത ഷര്‍ട്ടും കറുത്ത മാസ്‌കും പാടില്ല എന്നു കേരളത്തിലെ സര്‍ക്കാര്‍ നിലപാടെടുത്തിരിക്കുന്നുവെന്ന പ്രചാരണം വന്നിട്ടുള്ളത്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ മറ്റൊന്നും കിട്ടാത്തതിനാല്‍ ഒരുപാടു കള്ളക്കഥകളെ ആശ്രയിക്കുന്ന കാലമാണിത്. അക്കൂട്ടത്തില്‍ ഇതൂകൂടി ചേര്‍ത്തു പ്രചരിപ്പിക്കുകയാണെന്നതു തിരിച്ചറിയണം. നാടിന്റെ പ്രത്യേകത എല്ലാ രീതിയിലും കാത്തുസൂക്ഷിക്കാന്‍ നാം പ്രതിജ്ഞാബ്ധമാണ്. അക്കാര്യത്തില്‍ സര്‍ക്കാര്‍ എപ്പോഴും ഒപ്പമുണ്ടാകും. അതിനെതിരായി നീങ്ങുന്ന ശക്തികള്‍ക്കു തടയിയാന്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധയോടെ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.