ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ ഉണ്ടായത് വലിയ സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. സുരക്ഷാവീഴ്ച സംബന്ധിച്ച് അന്വേഷണം നടത്താന്‍ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര സുപ്രീം കോടതിയില്‍ സമര്‍പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഫിറോസ്പൂര്‍ എസ്എസ്പിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ യാത്രയെ കുറിച്ച് രണ്ട് മണിക്കൂര്‍ മുന്നേ അറിയിപ്പ് നല്‍കിയിട്ടും, മതിയായ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നിട്ടും, വേണ്ട മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ ഫിറോസ്പൂര്‍ എസ്എസ്പിക്ക് വീഴ്ച സംഭവിച്ചെന്നാണ് സമിതിയുടെ കണ്ടെത്തല്‍. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായുള്ള ‘ബ്ലൂ ബുക്ക്’ പരിഷ്‌കരിക്കണമെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര സമിതി ശുപാര്‍ശ ചെയ്തു. ഇക്കാര്യം ചീഫ് ജസ്റ്റിസ് കോടതിയില്‍ പരാമര്‍ശിച്ചു. റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.