പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ ഒന്നിനും രണ്ടിനും കേരളവും കർണാടകവും സന്ദർശിക്കും. സെപ്റ്റംബർ ഒന്നിനു വൈകിട്ട് ആറിനു കൊച്ചി വിമാനത്താവളത്തിനരികിലുള്ള കാലടിയിൽ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിക്കും. സെപ്റ്റംബർ രണ്ടിനു രാവിലെ 9.30ന്, കൊച്ചിയിലെ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി കമ്മീഷൻ ചെയ്യും. ഉച്ചയ്ക്ക് 1.30നു മംഗളൂരുവിൽ 3800 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.
പ്രധാനമന്ത്രി കൊച്ചിയിൽ
സ്വയംപര്യാപ്തതയുടെ ശക്തനായ വക്താവാണു പ്രധാനമന്ത്രി; പ്രത്യേകിച്ചു തന്ത്രപ്രധാനമേഖലകളിൽ. പ്രതിരോധമേഖലയിലെ സ്വയംപര്യാപ്തതയിലേക്കുള്ള സുപ്രധാന ചുവടുവയ്പിന്റെ ഭാഗമായി, തദ്ദേശീയമായി രൂപകൽപ്പനചെയ്തു നിർമിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി കമ്മീഷൻ ചെയ്യും. ഇന്ത്യൻ നാവികസേനയുടെ സ്വന്തം യുദ്ധക്കപ്പൽ രൂപകൽപ്പന ബ്യൂറോ (ഡബ്ല്യുഡിബി) രൂപകൽപ്പന ചെയ്തു ഈ കപ്പൽ തുറമുഖ-ഷിപ്പിങ്-ജലപാതാ മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ കപ്പൽശാലയായ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡാണു നിർമിച്ചത്. അത്യാധുനിക യന്ത്രസംവിധാനങ്ങളോടെ നിർമിച്ചിരിക്കുന്ന വിക്രാന്താണ് ഇന്ത്യയുടെ സമുദ്രമേഖലയുടെ ചരിത്രത്തിൽ ഇതുവരെ നിർമിച്ചതിൽവച്ച് ഏറ്റവും വലിയ കപ്പൽ.
1971ലെ യുദ്ധത്തിൽ നിർണായകപങ്കു വഹിച്ച ഇന്ത്യയുടെ ആദ്യത്തെ വിമാനവാഹിനിക്കപ്പലായ വിക്രാന്തിന്റെ പേരാണ് ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലിനും നൽകിയിരിക്കുന്നത്. രാജ്യത്തെ പ്രമുഖ വ്യവസായസ്ഥാപനങ്ങളും നൂറിലധികം എംഎസ്എംഇകളും നിർമിച്ചുനൽകിയ നിരവധി തദ്ദേശീയ ഉപകരണങ്ങളും യന്ത്രങ്ങളും കപ്പൽ ഉൾക്കൊള്ളുന്നു. വിക്രാന്ത് കമ്മീഷൻ ചെയ്യുന്നതോടെ പ്രവർത്തനക്ഷമമായ രണ്ടു വിമാനവാഹിനിക്കപ്പലുകൾ ഇന്ത്യക്കു സ്വന്തമാകും. ഇതു രാജ്യത്തിന്റെ സമുദ്രസുരക്ഷയ്ക്കു കരുത്തേകും.
കോളനിവാഴ്ചയുടെ ഭൂതകാലത്തിൽ നിന്നുള്ള വിടവാങ്ങൽ അടയാളപ്പെടുത്തി പുതിയ നാവിക പതാക (നിഷാൻ) ചടങ്ങിൽ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും.